മലപ്പുറം: നടൻ മോഹൻലാലിന്‍റെ പിറന്നാൾ ദിനമായ ഇന്ന് അദ്ദേഹത്തിന്‍റെ നൂറ് ചിത്രങ്ങൾ വരച്ചുകൊണ്ട് വിസ്‌മയം തീർക്കുകയാണ് മലപ്പുറം കാളികാവ് സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർഥി വൈഷ്‌ണവ്. ഒരേസമയം രണ്ട് കൈകൾ ഉപയോഗിച്ച് അതി മനോഹരമായാണ് വൈഷ്‌ണവ് മോഹൻലാലിനെ വരച്ചെടുത്തിരിക്കുന്നത്.
ലാലേട്ടനൊരു കൊച്ചു സമ്മാനം; നടന വിസ്‌മയത്തിന്‍റെ 100 ചിത്രങ്ങൾ വരച്ച് വൈഷ്ണവ് - മലയാളം നടൻ മോഹൻലാൽ
ചെറുപ്പം മുതൽ മോഹൻലാലിന്‍റെ കടുത്ത ആരാധകനായ വൈഷ്‌ണവ് താൻ വരച്ച ചിത്രങ്ങളെല്ലാം പിറന്നാൾ ദിനത്തിൽ തന്നെ മോഹൻലാൽ കാണുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ്.
ആറാം ക്ലാസ് മുതൽ ചിത്രം വരയ്ക്കുന്ന വൈഷ്‌ണവ് ഒരേസമയം രണ്ട് കൈകൾ കൊണ്ട് ചിത്രം വരയ്ക്കുന്ന സ്റ്റെൻസിൽ ആർട്ട് അടുത്തകാലത്താണ് പഠിച്ചെടുത്തതും ഇത്തരത്തിലുള്ള ചിത്രങ്ങൾ വരച്ചു തുടങ്ങിയതും. മലപ്പുറം ജില്ലയിലെ കാളികാവിലെ സ്വർണപ്പണിക്കാരനായ ഗോപിയുടെ മകനാണ് വൈഷ്‌ണവ്. മലപ്പുറം മഅദിൻ എൻജിനീയറിങ് കോളജിലെ മൂന്നാം വർഷ വിദ്യാർഥിയാണ്. ഇതിന് മുമ്പും പല ചിത്രങ്ങൾ പല ആളുകൾക്കും വരച്ചു കൊടുത്തിട്ടുണ്ട് വൈഷ്‌ണവ്.
Also Read:പിറന്നാള്‍ മധുരം നുണഞ്ഞ് മോഹന്‍ലാല്‍, ഇത്തവണത്തെ പിറന്നാളും ചെന്നൈയില്‍
ചെറുപ്പം മുതൽ താൻ ലാലേട്ടന്‍റെ കടുത്ത ആരാധകൻ ആണെന്നും അതുകൊണ്ടാണ് ലാലേട്ടന്‍റെ ചിത്രങ്ങൾ അദ്ദേഹത്തിന്‍റെ പിറന്നാൾ ദിവസം തന്നെ വരച്ചതെന്നും വൈഷ്‌ണവ് പറയുന്നു. താൻ വരച്ച ചിത്രങ്ങളെല്ലാം മോഹൻലാൽ കാണുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് ചിത്രങ്ങളെല്ലാം വരച്ചതെന്നും വൈഷ്‌ണവ് പറഞ്ഞു.