മലപ്പുറം: കൊവിഡ് ഭീതിയെ തുടർന്ന് ബഹ്‌റൈനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ പ്രവാസികളുമായുള്ള വിമാനം കരിപ്പൂരിലെത്തി. പുലർച്ചെ 12.45നാണ് വിമാനമെത്തിയത്. 183 പ്രവാസി മലയാളികളും ഒരു ഒരു ഗോവ സ്വദേശിയടക്കം 184 യാത്രക്കാരാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് 474 വിമാനത്തില്‍ കരിപ്പൂരിൽ പറന്നിറങ്ങിയത്. ഓപ്പറേഷൻ വന്ദേഭാരത് മിഷന്‍റെ ഭാഗമായി കരിപ്പൂരിൽ എത്തുന്ന മൂന്നാമത്തെ വിമാനമാണ്. ഇന്നലെ എത്തിയതില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാർ കോഴിക്കോട് ജില്ലക്കാരാണ്. മലപ്പുറം ജില്ലയിൽ നിന്ന് 27 പേരും തിരിച്ചെത്തി.
വിമാനത്തിൽ എത്തിയ 184 പേരെ 20 പേര് അടങ്ങുന്ന ഗ്രൂപ്പുകളാക്കി സാമൂഹിക അകലം പാലിച്ചാണ് വിമാനത്തിൽ നിന്ന് പുറത്തിറക്കിയത്. തുടർന്ന് മുഴുവന്‍ യാത്രക്കാരേയും എയ്‌റോ ബ്രിഡ്‌ജില്‍ വച്ചുതന്നെ ശരീരോഷ്മാവ് പരിശോധിച്ച ശേഷം ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക പരിശോധനകള്‍ക്ക് വിധേയരാക്കി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ കൊവിഡ് - ക്വാറന്‍റൈൻ ബോധവത്ക്കരണ ക്ലാസ് നല്‍കിയ ശേഷം അഞ്ച് കൗണ്ടറുകളിലായി ജില്ല തിരിച്ചുള്ള വിവര ശേഖരണം നടത്തി. എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധന എന്നിവയ്ക്കു ശേഷമാണ് യാത്രക്കാര്‍ വിമാനത്താവളത്തിനു പുറത്തിറങ്ങിയത്.