മലപ്പുറം: ആനക്കൊമ്പ് കേസിലെ രണ്ട് പ്രതികള്‍ വഴിക്കടവ് വനം റെയ്ഞ്ച് ഓഫീസില്‍ കീഴടങ്ങി. മൂത്തേടം സ്വദേശികളായ മുണ്ടമ്പ്ര അബ്ദുള്‍ ജലീല്‍ (45), അറയ്ക്കല്‍ നൗഫാന്‍ (24) എന്നിവരാണ് വഴിക്കടവ് റെയ്ഞ്ച് ഓഫീസില്‍ കീഴടങ്ങിയത്. ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുണ്ടക്കടവ് കോളനിയിലെ ആദിവാസി യുവാവ് സുധാകരനെ (40) വനം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. അബ്‌ദുള്‍ ജലീലും നൗഫാനും ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയാണ് റെയ്ഞ്ച് ഓഫീസര്‍ മുന്‍പാകെ കീഴടങ്ങിയത്. കേസില്‍ മറ്റ് നാല് പേര്‍കൂടി ഉള്‍പ്പെട്ടിരുന്നു. ഇതില്‍ രണ്ട് പേര്‍ ആനക്കൊമ്പുമായി കഴിഞ്ഞ മാര്‍ച്ചില്‍ അറസ്റ്റിലായിരുന്നു. കേസില്‍ ഉള്‍പ്പെട്ട മുണ്ടക്കടവ് കോളനിയിലെ രണ്ട് ആദിവാസികള്‍ രണ്ട് വര്‍ഷം മുന്‍പ് വനത്തില്‍ വച്ച് മരം വീണ് മരണപ്പെട്ടിരുന്നു.
ആനക്കൊമ്പ് കേസിലെ രണ്ട് പ്രതികള്‍ കീഴടങ്ങി; മറ്റൊരു പ്രതിയെ അറസ്റ്റ് ചെയ്തു
മൂത്തേടം സ്വദേശികളായ മുണ്ടമ്പ്ര അബ്ദുള്‍ ജലീല്‍ (45), അറയ്ക്കല്‍ നൗഫാന്‍ (24) എന്നിവരാണ് വഴിക്കടവ് റെയ്ഞ്ച് ഓഫീസില്‍ കീഴടങ്ങിയത്.
രണ്ട് വര്‍ഷം മുന്‍പ് കരുളായി വനം റെയ്ഞ്ചിലെ കരിമ്പുഴയുടെ തീരത്ത് നിന്നുമാണ് ആദിവാസികള്‍ക്ക് ആനക്കൊമ്പ് കിട്ടിയത്. ഒഴുക്കില്‍പെട്ട് എത്തിയതാണെന്നാണ് ആദിവാസികള്‍ പറയുന്നത്. ഇത് അബ്ദുള്‍ ജലീല്‍ ഉള്‍പ്പെട്ട സംഘത്തിന് വില്‍ക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 18-ന് വനം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ വനം വിജിലന്‍സ് ഉദ്യോഗസ്ഥരും നിലമ്പൂര്‍ വനം വിജിലന്‍സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പാലാട് വച്ച് ആനക്കൊമ്പുമായി രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവര്‍ അറസ്റ്റിലായതേതാടെ കൂട്ടുപ്രതികളായ അബ്ദുള്‍ ജലീലും, നൗഫാനും ഒളിവിലായിരുന്നു. കഴിഞ്ഞ ഏപ്രില്‍ മുപ്പതിന് ഇരുവരും റെയ്ഞ്ച് ഓഫീസര്‍ മുന്‍പാകെ കീഴടങ്ങാനെത്തിയെങ്കിലും പ്രതികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ പോയിരുന്നുവെന്ന കാരണത്താല്‍ അറസ്റ്റ് ചെയ്യാതെ ക്വാറന്‍റൈനില്‍ വിടുകയായിരുന്നു.