മലപ്പുറം :പഴം ഇറക്കുമതിയുടെ മറവിൽ ആഫ്രിക്കയില്‍ നിന്ന് രാജ്യത്തേക്ക് 1,476 കോടിയുടെ ലഹരിമരുന്ന് കടത്തിയ കേസില്‍ ഡിആർഐ (Directorate of Revenue Intelligence) തെരയുന്ന മന്‍സൂറിന് കേസില്‍ പങ്കില്ലെന്ന് പിതാവ് മൊയ്‌തീന്‍ അഹമ്മദ്. പാഴ്‌സല്‍ അയച്ച ഗുജറാത്ത് സ്വദേശിയാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. മകൻ നിരപരാധിയാണെന്നും കുടുംബത്തിൽ ആരും സിഗരറ്റ് പോലും വലിക്കാറില്ലെന്നും കോട്ടക്കല്‍ സ്വദേശിയായ അദ്ദേഹം പറഞ്ഞു.
1,476 കോടിയുടെ ലഹരിക്കടത്തില്‍ ഡിആര്‍ഐ തെരയുന്ന മന്‍സൂറിന്‍റെ പിതാവ് പ്രതികരിക്കുന്നു READ MORE|പഴം ഇറക്കുമതിയുടെ മറവിൽ കടത്തിയത് 1476 കോടിയുടെ ലഹരി; പിന്നിൽ മലയാളി, കാലടിയിൽ പരിശോധന
മുംബൈയില്‍ 1,476 കോടിയുടെ ലഹരിമരുന്ന് കടത്ത് കേസില്‍ അന്വേഷണം നേരിടുകയാണ് മൻസൂർ. സെപ്‌റ്റംബര്‍ 19 നാണ് ഇയാള്‍ നാട്ടിൽ നിന്ന് ആഫ്രിക്കയിലേക്ക് മടങ്ങിയത്. രണ്ട് മാസത്തിലധികം നാട്ടിലുണ്ടായിരുന്നു. ഈ സമയത്താണ് പാഴ്സൽ അയച്ചത്. താന്‍ ഞായറാഴ്‌ച (ഒക്‌ടോബര്‍ രണ്ട് ) പുലര്‍ച്ചെ പള്ളിയിൽ പോയി വന്ന ശേഷം രാവിലെ ആറരയോടെ വീട്ടിലെ കോളിങ് ബെല്ലടിക്കുന്നത് കേട്ടു. വാതിൽ തുറക്കുമ്പോൾ രണ്ട് വണ്ടികളിലായി വന്ന ആളുകൾ പുറത്ത് നിൽപ്പുണ്ട്.
അവർ തന്നെ കണ്ടപ്പോൾ ഡിആർഐയിൽ നിന്നാണെന്നും ചില പ്രശ്‌നങ്ങളുള്ളതിനാൽ വീട് പരിശോധിക്കണമെന്നും പറഞ്ഞു. ഡൽഹിയിൽ നിന്നും കിട്ടിയ വിവരമനുസരിച്ച് വന്നതാണെന്നും വീട് പരിശോധിക്കുന്നതിൽ വിരോധമുണ്ടോയെന്നും ചോദിച്ചു. തങ്ങൾക്ക് അത്തരത്തിൽ യാതൊരു പ്രശ്‌നവുമില്ലെന്ന് താൻ അവരോട് പറഞ്ഞ് പൂര്‍ണമായും സഹകരിച്ചെന്നും മൻസൂറിന്‍റെ പിതാവ് പ്രതികരിച്ചു.