മലപ്പുറം:സ്‌ത്രീധനത്തിന്‍റെ പേരിൽ മകള്‍ക്കെതിരായുള്ള നിരന്തര പീഡനത്തില്‍ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍. ഉറങ്ങാട്ടിരി സ്വദേശി അബ്‌ദുൾ ഹമീദാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ഐപിഎസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അനേഷണ സംഘമാണ് ബുധനാഴ്‌ച പുലർച്ചെ ഇയാളെ അറസ്റ്റ് ചെയ്‌തത്.
More Read: സ്ത്രീധന പീഡനം മൂലം പിതാവ് ആത്മഹത്യ ചെയ്‌തെന്ന് പരാതി
ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയവെയായിരുന്നു അബ്‌ദുൾ ഹമീദ് പിടിയിലായത്. സ്‌ത്രീധനമായി കൂടുതൽ സ്വർണവും പണവും അവശ്യപ്പെട്ട് ഇയാൾ മകളെ നിരന്തരം പീഡിപ്പിക്കുന്നതിൽ മനംനൊന്ത് സെപ്‌തംബർ 23നാണ് ചെങ്ങാറായി മൂസക്കുട്ടി ആത്മഹത്യ ചെയ്‌തത്.
ആത്മഹത്യക്ക് മുൻപ് മരുമകന്‍റെ പീഡനം തുറന്നുപറഞ്ഞ് വീഡിയോ
തന്‍റെ സങ്കടം സ്വന്തം ഫോണിൽ റെക്കോഡ് ചെയ്‌ത് വിശദീകരിച്ചതിന് പിന്നാലെയാണ് വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ മൂസക്കുട്ടി തൂങ്ങി മരിച്ചത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ, മൂസക്കുട്ടിയുടെ മരണത്തിൽ വണ്ടൂർ പൊലീസ് അനേഷണം ആരംഭിച്ചു.
ഒക്‌ടോബർ മൂന്നിന് മൂസക്കുട്ടിയുടെ മകൾ 60 ദിവസം മാത്രം പ്രായമായ കൈക്കുഞ്ഞുമായി നിലമ്പുർ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്‌ത സ്‌ത്രീധന പീഡന കേസിലാണ് ഭർത്താവ് ഹമീദ് ഇപ്പോൾ അറസ്റ്റിലായത്. കേസിൽ ഹമീദിന്‍റെ മാതാപിതാക്കളും പ്രതികളാണ്. സംഭവം വിവാദമായതോടെ ഹമീദും പിതാവ് ഇസ്‌മായിലും മാതാവ് ഫാത്തിമയും ഒളിവിൽ പോവുകയായിരുന്നു.
പിതാവിന്‍റെ ആത്മഹത്യ നിയമസഭയിൽ ചർച്ചയാവുകയും പൊലീസിന്‍റെ അന്വേഷണത്തിൽ ആരോപണങ്ങൾ ഉയരുകയും ചെയ്‌തു. ആത്മഹത്യാ പ്രേരണ കുറ്റത്തിന് വണ്ടൂർ പോലീസും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനായി കസ്റ്റഡിയിൽ എടുക്കും. എന്നാൽ, മൂസക്കുട്ടിയുടെ ചില ബന്ധുക്കളുടെ നേതൃത്വത്തിൽ ഒരു സംഘം ഊർങ്ങട്ടീരി ഹമീദിന്‍റെ വീട്ടിൽ ആക്രമണം നടത്തിയതിന് അരീക്കോട് പൊലീസും കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.