മഞ്ചേരി: മലപ്പുറം ജില്ലയിലെ എടക്കര പോത്തുകല്ലില്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് നാല് ജീവപര്യന്തവും 17 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. 55കാരനായ പിതാവിനെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി പിടി പ്രകാശന്‍ ശിക്ഷിച്ചത്.
പോക്സോ, ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, ജുവനൈല്‍ ജസ്റ്റിസ്, സ്ത്രീത്വത്തെ അപമാനിക്കല്‍, തടവില്‍ പാർപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം വീതം അധികം തടവ് അനുഭവിക്കണം. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെങ്കിലും ജീവിതാവസാനം വരെ തടവ് അനുഭവിക്കണമെന്ന് പ്രത്യേകം വിധിയിലുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത മക്കളെ പീഡിപ്പിച്ച കേസില്‍ പിതാവിന് ഇരട്ട ജീവപര്യന്തം റബർ ടാപ്പിങ് തൊഴിലാളിയാണ് പ്രതി. 2014 മുതല്‍ 2016 വരെ 16, 17 വയസുള്ള രണ്ട് പെണ്‍മക്കളെ തടവില്‍ പാര്‍പ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പോത്തുകല്‍ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്. പ്രതിയുമായി പിണങ്ങി കഴിഞ്ഞിരുന്ന കുട്ടികളുടെ മാതാവ് ബന്ധുവീട്ടില്‍ താമസിച്ചിരുന്ന സമയത്താണ് പീഡനം നടന്നിരുന്നത്.
also read: ലഹരിമരുന്ന് സംഘത്തില്‍ നിന്നും പിടിച്ച മാന്‍കൊമ്പ് ഏറ്റെടുത്ത് വനം വകുപ്പ്
വീട്ടില്‍ നിന്ന് രക്ഷപെട്ട പെണ്‍കുട്ടികള്‍ ബന്ധുവീട്ടില്‍ താമസമാക്കിയ മാതാവിനോട് പീഡന വിവരം തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. കുട്ടികളുടെ മാതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് മാതാവും, കുട്ടികളും കുട്ടികളുടെ അമ്മാവന്‍റെ സംരക്ഷണയിലാണ് കഴിയുന്നത്. കേസില്‍ 17 സാക്ഷികളെ വിസ്തരിച്ചു. 12 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.
സ്വന്തം മകളോട് പോലും ദയ കാണിക്കാത്ത പ്രതിക്ക് കോടതിയുടെ ദയക്ക് അര്‍ഹനല്ലെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. പ്രതിയെ മഞ്ചേരി സ്‌പെഷ്യല്‍ സബ്ജയിലിലേക്ക് മാറ്റി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എ സോമസുന്ദരന്‍ ഹാജരായി. എടക്കര സി.ഐ ആയിരുന്ന കെ.എം ദേവസ്യയാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ഇളയ മകളെ പീഡിപ്പിച്ച കേസില്‍ 2021 ഓഗസ്റ്റ് 13നും മൂത്ത മകളെ പീഡിപ്പിച്ച കേസില്‍ ഓഗസ്റ്റ് 25നുമാണ് കോടതി ശിക്ഷ വിധിച്ചത്.