മലപ്പുറം: കഴിഞ്ഞ പ്രളയത്തിലും ഉരുള്‍പൊട്ടലിലും നാശ നഷ്ടങ്ങള്‍ സംഭവിച്ച പ്രദേശങ്ങള്‍ കലക്ടര്‍ സന്ദര്‍ശിച്ചു. ജില്ല കലക്ടറായി ചുമതലയേറ്റ കെ. ഗോപാലകൃഷ്ണനാണ് പ്രളയക്കെടുതികള്‍ മനസിലാക്കുന്നതിന് വെള്ളിയാഴ്ച രാവിലെ മലയോര മേഖലയിലെത്തിയത്. പി.വി അന്‍വര്‍ എം.എല്‍.എയും ജില്ലയിലെ വിവിധ വകുപ്പ് മേധാവികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മലപ്പുറം ജില്ലാ കലക്ടര്‍
കഴിഞ്ഞ പ്രളയകാലത്ത് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ കവളപ്പാറയില്‍ എത്തിയ കലക്ടര്‍ ജനങ്ങളുടെ പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്ന് അറിയിച്ചു.
2018 ല്‍ ഉരുള്‍പൊട്ടലുണ്ടായ ചാലിയാര്‍ പഞ്ചായത്തിലെ മതില്‍മൂലയിലാണ് കലക്ടര്‍ ആദ്യം എത്തിയത്. പിന്നീട് എരുമമുണ്ട വഴി പാതാറിലുമെത്തി. പുഴയിലെ മാലിന്യങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന് കലക്ടര്‍ അറിയിച്ചു. ശേഷം കവളപ്പാറ കോളനിക്കാര്‍ താമസിക്കുന്ന പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാമ്പിലാണ് കലക്ടര്‍ എത്തിയത്. കോളനി നിവാസികളോട് സംസാരിച്ച അദ്ദേഹം ചെമ്പന്‍കൊല്ലിയില്‍ നിര്‍മിക്കുന്ന വീടുകള്‍ സന്ദര്‍ശിച്ചു. പിന്നീട് കവളപ്പാറയിലും സന്ദര്‍ശനം നടത്തി. കവളപ്പാറയിലെ നിലവിലെ സ്ഥിതിഗതികള്‍ പി.വി. അന്‍വര്‍ എം.എല്‍.എ വിശദീകരിച്ചു നല്‍കി. ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞ കലക്ടർ പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കി. പൂക്കോട്ടുമണ്ണ റെഗുലേറ്റര്‍ കം ബ്രിഡ്ജ്, കാപ്പിനി പാലം എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തിയാണ് അദ്ദേഹം മടങ്ങിയത്. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ് അഞ്ജു, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. ജെ.ഒ അരുണ്‍, പുരുഷോത്തമന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.