മലപ്പുറം:ഇരുകാലുകൾക്കും ചലന ശേഷി ഇല്ലാത്തവർക്ക് എന്തൊക്കെ ചെയ്യാൻ കഴിയും? ഒന്നിനും കഴിയില്ലെന്നാവും മിക്കവരുടെയും മറുപടി, എന്നാല്‍ ചെയ്യാന്‍ പറ്റാത്തതായി ഒന്നുമില്ലെന്നാണ് ഇരുകാലുകള്‍ക്കും ചലന ശേഷിയില്ലാത്ത കൊണ്ടോട്ടി സ്വദേശി അലി ബാവ പറയുന്നത്. ഇരുകാലുകള്‍ക്കും ചലനശേഷിയില്ലെങ്കിലും കാറും ലോറിയുമെല്ലാം നിഷ്‌പ്രയാസം ഓടിക്കും ഈ 39കാരന്‍.
അതിനായി ലക്ഷങ്ങള്‍ മുടക്കി കാലിന് ചികിത്സയൊന്നും ചെയ്യേണ്ടതില്ല. ഭിന്നശേഷികാര്‍ക്കായി ലക്ഷങ്ങള്‍ മുടക്കി നിയമാനുസൃതമായി രൂപമാറ്റം വരുത്തിയാണ് വാഹനങ്ങള്‍ സ്വന്തമാക്കുന്നത്. എന്നാല്‍ അലി ബാവയ്ക്ക് അതിന്‍റെയൊന്നും ആവശ്യമില്ല. ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തമാണ് ബാവയുടെ ഡ്രൈവിങ്.
ഇന്ന് ലോക ഭിന്നശേഷി ദിനം: തകരാത്ത ആത്മബലം, ആവേശമാണ്… മാതൃകയാണ് അലിബാവ വെറും മൂന്ന് കമ്പി കഷ്‌ണം മാത്രം മതി ബാവയ്ക്ക് വാഹനങ്ങള്‍ ഓടിക്കാനായി. കാലിന് ശേഷിയില്ലാത്തത് കൊണ്ട് തന്നെ വാഹനങ്ങളുടെ ബ്രേക്ക്, ആക്‌സിലറേറ്റര്‍, ക്ലച്ച് എന്നിവ നിയന്ത്രിക്കാനാവില്ല ബാവയ്‌ക്ക്. കാലിന് പകരം കൈയാണ് ഇവയെല്ലാം നിയന്ത്രിക്കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത. അതിനായി നീളത്തിലുള്ള കമ്പികള്‍ വച്ച് കെട്ടും. എന്നിട്ട് അവയെല്ലാം കൈ കൊണ്ട് നിയന്ത്രിക്കാവുന്ന തരത്തിലേക്ക് മാറ്റും. പിന്നീട് സ്റ്റീയറിങ് ഉള്‍പ്പെടെ ബാക്കിയെല്ലാം നിയന്ത്രിക്കുന്നത് ബാവയുടെ മനകരുത്തിന്‍റെ പിന്‍ബലമാണെന്ന് പറയാം.
മൂന്നാം വയസിലാണ് അലി ബാവയ്‌ക്ക് പോളിയോ ബാധിച്ച് കാലിന് ചലന ശേഷി നഷ്‌ടപ്പെട്ടത്. എന്നിട്ടും താന്‍ തോറ്റ് പിന്മാറാന്‍ തയ്യാറായിരുന്നില്ല. ആ ദൃഢ നിശ്‌ചയമാണ് താന്‍ ഇവിടെ വരെയെത്തി നില്‍ക്കാന്‍ കാരണമെന്നും ഇത്തരത്തില്‍ ഭിന്നശേഷികാരായി നാല് ചുമരുകളില്‍ക്കുള്ളില്‍ കഴിയുന്നവരോടും ഇതാണ് തനിക്ക് പറയാനുള്ളതെന്നും ബാവ പറഞ്ഞു.
നാല് മക്കളുടെ പിതാവാണ് അലി ബാവ. ജീവിതത്തില്‍ തനിക്ക് കരുത്തായി മാതാവും പിതാവും ഭാര്യയും സഹോദരനുമുണ്ടെന്നും ബാവ പറഞ്ഞു.