മലപ്പുറം: വിസ തട്ടിപ്പ് കേസിലെ പ്രതി പന്ത്രണ്ടു വർഷങ്ങൾക്ക് ശേഷം വഴിക്കടവ് പൊലീസിന്‍റെ പിടിയിലായി. കൽപ്പകഞ്ചേരി കല്ലിങ്ങൽ ചിറയിൽ അബ്ദുൽ റസാഖ് എന്ന ബാവ (58)യാണ് പിടിയിലായത്. പട്ടാമ്പിയിൽ മറ്റൊരു വിലാസത്തിൽ രണ്ടാം ഭാര്യയോടൊപ്പം ഒളിവിൽ കഴിയുകയായിരുന്നു.
2006ൽ വഴിക്കടവിലെ തണ്ണിക്കടവ്, മുരിങ്ങമുണ്ട എന്നീ പ്രദേശങ്ങളിലെ അഞ്ചോളാം ആൾക്കാരിൽ നിന്നും കുവൈറ്റിലേക്ക് വിസ തരപ്പെടുത്തി കൊടുക്കാം എന്നു പറഞ്ഞു വിശ്വസിപ്പിച്ചു പലതവണകളായി പ്രതി അഞ്ചു ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു. വിസ നല്‍കുകയോ പണം മടക്കി നല്‍കുകയോ ചെയ്യാതെ വഞ്ചിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ടപ്പോഴാണ് തട്ടിപ്പിന് ഇരയായവർ വഴിക്കടവ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് അന്വേഷണം നടത്തി പൊലീസ് റസാഖിനെ അറസ്റ്റ് ചെയ്തു നിലമ്പൂർ കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി പ്രതിയെ മഞ്ചേരി ജയിലേക്കു റിമാൻഡും ചെയ്തു. എന്നാൽ റസാഖ് മഞ്ചേരി ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയായിരുന്നു.