മലപ്പുറം: ദലിത് വിഭാഗത്തിൽ പെട്ടയാളെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. വള്ളിക്കുന്ന് അരിയല്ലൂർ പടിഞ്ഞാറേ തറയിൽ ഗോപാലന്‍റെ മകൻ കിഷോർ (43) ആണ് പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഹണി കെ.ദാസിനെതിരെ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നൽകിയത്. തന്നെ മർദിച്ചതായും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും കിഷോർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പരപ്പനങ്ങാടിയില്‍ ദലിത് യുവാവിനെ പൊലീസ് മർദ്ദിച്ചെന്ന് പരാതി - മലപ്പുറം
പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഹണി കെ.ദാസിനെതിരെ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നൽകി.
ദലിത് ലീഗ് മുൻ ട്രഷറർ കൂടിയായ കിഷോർ പറയുന്നത് ഇങ്ങനെ "കഴിഞ്ഞ എട്ടിന് രാവിലെ 10.30ന് കരുമരക്കാട് എന്ന സ്ഥലത്തു വെച്ച് ബൈക്കിൽ കയറിയിരുന്ന് മൊബൈൽ ഫോണിൽ സംസാരിച്ചതിന്പരപ്പനങ്ങാടി എസ്.ഐ ഫോൺ പിടിച്ചുവാങ്ങി പൊലീസ് സ്‌റ്റേഷനിലേക്ക് വരാൻ പറഞ്ഞു. അതുപ്രകാരം 11.30 നുതന്നെ സ്‌റ്റേഷനിൽ ഹാജരാവുകയും ചെയ്തു. അരമണിക്കൂർ കഴിഞ്ഞു സി.ഐ.യുടെ ഓഫീസിലേക്ക് ചെല്ലാൻ പറയുകയും ചെയ്തു. രണ്ടായിരം രൂപ ഫൈൻ കെട്ടാൻ പറഞ്ഞെങ്കിലും തന്‍റെ കൈയിൽ ഇപ്പോൾ പണമില്ലെന്നും കോടതിയിലോ അല്ലെങ്കിൽ പിന്നീട് വന്നോ അടച്ചോളാം എന്ന് പറയുകയും ചെയ്തു. എന്നാൽ സി.ഐ തന്നെ ഓഫീസിന്‍റെ മൂലയിലേക്ക് മാറ്റി നിർത്തി അടിക്കാൻ ശ്രമിച്ചപ്പോൾ എന്തിനാണ് എന്നെ അടിക്കുന്നത് എന്ന് ചോദിച്ചപ്പോൾ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ലാത്തികൊണ്ട് കാരണമൊന്നുമില്ലാതെ ക്രൂരമായി മർദിക്കുകയും ചെയ്തു. നിലവിളിച്ചപ്പോൾ കാല്‍ വിരലിൽ ഷൂ കൊണ്ട് ചവിട്ടുകയും ചെയ്തു. പരുക്കുള്ളതിനാൽ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ ചികിത്സ തേടിയതായി കിഷോർ പറഞ്ഞു. പൊലീസ് മർദ്ദിച്ചതിൽ തന്‍റെ പഴയ സുഹൃത്ത് ഷാജിക്ക് പങ്കുള്ളതായും ഷാജിയുടെ ഉന്നത ബന്ധങ്ങൾ അന്വേഷിക്കണമെന്നും കിഷോർ ആവശ്യപ്പെട്ടു.
മർദ്ദനത്തിലൂടെ തന്നെയും കുടുംബത്തെയും പൊതു സമൂഹത്തിന് മുമ്പിൽ അപമാനപ്പെടുത്തിയ സി.ഐ ഹണി കെ.ദാസിനെതിരെ നിയമ നടപടികളെടുത്തില്ലെങ്കിൽ പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന് മുൻപിൽ ആത്മഹത്യ ചെയ്യുമെന്ന് കിഷോറിന്‍റെ കുടുംബം വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. കിഷോറിന്‍റെ ഭാര്യ പ്രിൻസി, ബന്ധുക്കളായ പടിഞ്ഞാറേ തറയിൽ രാജൻ, സുരേഷ്, പറകേറ്റിത്തറയിൽ മഹേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. അതേസമയം മൊബൈൽ ഫോൺ ഉപയോഗിച്ച് ബൈക്ക് ഓടിച്ചതിന് ഇയാൾക്കെതിരെ കേസെടുക്കുകയും 500 രൂപ പിഴയടക്കാൻ ആവശ്യപ്പെടുകയും മാത്രമാണ് ചെയ്തതെന്നും മർദിച്ചിട്ടില്ലെന്നും സിഐ ഹണി കെ.ദാസ് പറഞ്ഞു.