മലപ്പുറം:ആഭരണം വിറ്റ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്‌ത് മാതൃകയായിരിക്കുകയാണ് ഒരു വാർഡ് മെമ്പർ. മലപ്പുറം ജില്ലയിലെ എടയൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് മെമ്പർ ഫാത്തിമ തസ്‌നിയയാണ് കൊവിഡും ലോക്ക് ഡൗണും മൂലം ദുരിതമനുഭവിക്കുന്ന തന്‍റെ വാർഡിലെ ജനങ്ങൾക്ക് സ്വന്തം ആഭരണം വിറ്റ് ഭക്ഷ്യക്കിറ്റ് എത്തിച്ച് നൽകിയത്.
കൊവിഡും ലോക്ക് ഡൗണും: ആഭരണം വിറ്റ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്‌ത് വാർഡ് മെമ്പർ - വാർഡ് മെമ്പർ ഫാത്തിമ തസ്‌നിയ
തന്‍റെ വാർഡിലെ ജനങ്ങൾക്ക് ഭക്ഷ്യക്കിറ്റ് എത്തിക്കാൻ സ്വന്തം ആഭരണം വിറ്റ് മാതൃകയായിരിക്കുകയാണ് വാർഡ് മെമ്പർ ഫാത്തിമ തസ്‌നിയ.

മഹാമാരിയുടെ കാലത്ത് വാർഡിലെ മുഴുവൻ വീടുകളും സന്ദർശനം നടത്തിയപ്പോഴാണ് ലോക്ക് ഡൗൺ കാരണം നിരവധി കുടുംബങ്ങൾ ദുരിതമനുഭവിക്കുന്നതായി വാർഡ് മെമ്പർ തസ്‌നിയയുടെ ശ്രദ്ധയിൽപ്പെട്ടത്. അതേസമയം വാർഡിലെ മുഴുവൻ വീടുകളിലും ഭക്ഷ്യക്കിറ്റ് എത്തിക്കാൻ ഒരു ലക്ഷം രൂപയാണ് ചെലവ്. ഇതിനായി തന്‍റെ കൈവശമുള്ള ആഭരണങ്ങൾ വിൽക്കാൻ തസ്‌നിയ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ആഭരണം വിറ്റ തുക ഉപയോഗിച്ച് എല്ലാ വീടുകളിലും ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്‌തു.
ഇതിനു പുറമേ കൊവിഡ് പോസിറ്റീവായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾക്ക് വേണ്ട സഹായങ്ങളെല്ലാം വാർഡ് മെമ്പർ തസ്‌നിയയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നു. അതോടൊപ്പം ആംബുലൻസ് സർവീസ്, കൊവിഡ് ഹെൽപ്പ് സെന്‍റർ ഉൾപ്പെടെയുള്ള സഹായങ്ങൾക്കും വാർഡ് മെമ്പർ മുൻപന്തിയിൽ തന്നെയുണ്ട്.