മലപ്പുറം: മലയോര മേഖലയിലെ കൊവിഡ് വ്യാപനം തടയുന്നതിന് ബൃഹത് പദ്ധതിയുമായി കാളികാവ് ബ്ലോക്ക് പഞ്ചായത്ത്. ഇതിന്‍റെ ഭാഗമായി എംഎൽഎ എ പി അനിൽ കുമാറിന്‍റെ നേതൃത്വത്തിൽ അവലോകന യോഗം നടത്തി. കാളികാവ് ബ്ലോക്ക് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ ബ്ലോക്ക് മെമ്പർമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് അധികാരികൾ തുടങ്ങിയവർ പങ്കെടുത്തു. മലയോര മേഖലയിൽ കഴിഞ്ഞ വർഷത്തേക്കാൾ രൂക്ഷമായ നിലയിലാണ് ഇത്തവണ കൊവിഡ് വ്യാപനം നടന്നതെന്ന് യോഗം വിലയിരുത്തി.
കാളികാവ്, കരുവാരകുണ്ട് സിഎച്ച്സികളിൽ വാഹന സൗകര്യം ഇല്ലാത്ത പ്രശ്നം മെഡിക്കൽ ഓഫീസർമാർ യോഗത്തിൽ ഉന്നയിച്ചു. കാളികാവ് ബ്ലോക്കിലെ ഏക സിഎഫ്എൽടിസിയായി പ്രവർത്തിക്കുന്ന സിഎച്ച്സിയിൽ ഐസിയു സംവിധാനവും സെൻട്രൽ ഓക്സിജൻ സിസ്റ്റവും സ്ഥാപിക്കണമെന്നും യോഗത്തിൽ ചർച്ച ചെയ്തു. ജനസംഖ്യാ ആനുപാതികമായ വാക്സിൻ ലഭ്യത ഉറപ്പു വരുത്താൻ സർക്കാർ ഇടപെടണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.