മലപ്പുറം: ജില്ലയില്‍ കൊവിഡ് മെഗാ ടെസ്റ്റിങ് ഡ്രൈവിന് മികച്ച പ്രതികരണം. ജില്ലയിലെ 116 സര്‍ക്കാര്‍ ആശുപത്രികളിലും, 65 സ്വകാര്യ കേന്ദ്രങ്ങളിലും മെഗാ ക്യാമ്പുകള്‍ നടന്നു. 13,028 സാമ്പിളുകളാണ് ആദ്യ ദിവസം പരിശോധിച്ചത്. ഇതില്‍ 6,635 സാമ്പിളുകള്‍ ആന്‍റിജന്‍ പരിശോധനക്കും 6,433 സാമ്പിളുകള്‍ ആര്‍.ടി പി.സി.ആര്‍ പരിശോധനക്കുമാണ് വിധേയമാക്കിയത്. മെഗാ ക്യാമ്പുകളോട് പൊതുജനങ്ങള്‍ മികച്ച രീതിയിലാണ് സഹകരിക്കുന്നതെന്നും രോഗ വ്യാപനം ചെറുക്കാന്‍ ഇത് അത്യാവശ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
യാതൊരു രോഗ ലക്ഷണങ്ങളും പ്രകടിപ്പിക്കാതെ രോഗബാധിതര്‍ സമൂഹത്തിലുണ്ടെന്നത് മെഗാ ടെസ്റ്റിങ് ഡ്രൈവിലൂടെ കണ്ടെത്താനായിട്ടുണ്ട്. ഇത് ഗൗരവമേറിയ കാര്യമാണെന്ന് എല്ലാവരും തിരിച്ചറിയണം. ശാരീരിക അകലം പാലിക്കുക, മാസ്‌ക് ശരിയായി ധരിക്കുക, കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കുക തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി പാലിക്കണം. അതോടൊപ്പം 45 വയസ് കഴിഞ്ഞ എല്ലാവരും ഉടന്‍ തന്നെ കൊവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആവര്‍ത്തിച്ച് അറിയിച്ചു. രോഗം സമൂഹത്തിലേക്ക് വലിയതോതില്‍ വ്യാപിക്കുന്നത് തടയുന്നതിന് എല്ലാവരും പരിശോധനക്ക് തയ്യാറാകണം. വൈറസ് ബാധ കണ്ടെത്തിയാല്‍ കൃത്യമായ ചികിത്സ ഉറപ്പാക്കുകയും പൊതു സമ്പര്‍ക്കത്തില്‍ നിന്നു മാറി നില്‍ക്കുകയും ചെയ്യണം. മെഗാ ടെസ്റ്റിംഗ് ഡ്രൈവ് ശനിയാഴ്ചയും ജില്ലയില്‍ തുടരും.