മലപ്പുറം: ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയ 12 പേര്‍ക്കും ചെന്നൈ, ബെംഗളുരുവില്‍ എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവര്‍ക്കു പുറമെ മഞ്ചേരിയില്‍ ഐസൊലേഷനിലുള്ള തിരുവനന്തപുരം സ്വദേശിക്കും ആലപ്പുഴ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മെയ് 26 ന് അബുദാബിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വഴി തിരിച്ചെത്തിയ ആതവനാട് മാട്ടുമ്മല്‍ സ്വദേശി 34 കാരന്‍, തിരുനാവായ അനന്താവൂര്‍ സ്വദേശിനിയും ഗര്‍ഭിണിയുമായ 29 വയസുകാരി, മെയ് 21ന് ഖത്തറില്‍ നിന്ന് കണ്ണൂര്‍ വഴി എത്തിയ ചാലിയാര്‍ മൈലാടി എരഞ്ഞിമങ്ങാട് സ്വദേശി 32കാരന്‍, മെയ് 28ന് സലാലയില്‍ നിന്ന് കണ്ണൂര്‍ വഴി നാട്ടിലെത്തിയ വളവന്നൂര്‍ ചാലിബസാര്‍ സ്വദേശിയായ 35കാരന്‍ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
മെയ് 27ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി മാതാപിതാക്കള്‍ക്കൊപ്പമെത്തിയ കീഴാറ്റൂര്‍ പട്ടിക്കാട് ചുങ്കം സ്വദേശിനിയായ ആറ് വയസുകാരി, 27ന് തന്നെ ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി എത്തിയ പെരുമണ്ണക്ലാരി അടര്‍ശേരി സ്വദേശിയും ഗര്‍ഭിണിയുമായ 26 വയസുകാരി, മെയ് 29ന് ദുബായില്‍ നിന്ന് കൊച്ചി വഴി ജില്ലയിലെത്തിയ വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശിയും ഗര്‍ഭിണിയുമായ 29 വയസുകാരിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.