കേരളം

kerala

ETV Bharat / state

മലപ്പുറം സ്വദേശികളായ രണ്ട് പ്രവാസികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഗള്‍ഫില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ മെയ്‌ ഏഴിനാണ് ഇവർ എത്തിയത്. ഇരുവരും കോഴിക്കോട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും കളമശേരി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഐസൊലേഷനിലാണ്

Covid confirmed to two expatriates  Malappuram new covid  മലപ്പുറം കൊവിഡ്  പ്രവാസികള്‍ക്ക് കൊവിഡ്  ജാഫര്‍ മാലിക്  jaffar malik
മലപ്പുറം സ്വദേശികളായ രണ്ട് പ്രവാസികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : May 10, 2020, 12:34 AM IST

മലപ്പുറം: മലപ്പുറം സ്വദേശികളായ രണ്ട് പ്രവാസികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗള്‍ഫില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മെയ്‌ ഏഴിനാണ് ഇവർ എത്തിയത്. കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശിയായ 39 കാരന്‍, എടപ്പാള്‍ നടുവട്ടം സ്വദേശിയായ 24 കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്‌ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. ചാപ്പനങ്ങാടി സ്വദേശി കോഴിക്കോട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും നടുവട്ടം സ്വദേശി എറണാകുളം കളമശേരി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഐസൊലേഷനിലാണ്.

ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ പ്രത്യേക വിമാനത്തിലാണ് കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശി കരിപ്പൂരിലെത്തിയത്. വൃക്ക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ഇയാള്‍ ദുബൈ അജ്‌മാനിലെ സ്വകാര്യ കമ്പനിയില്‍ പി.ആര്‍.ഒ ആണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തുടര്‍ ചികിത്സക്കായാണ് ഇയാള്‍ നാട്ടിലെത്തിയത്. വിമാനത്താവളത്തിൽ വെച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം അടുത്ത ദിവസം പുലര്‍ച്ചെ പ്രത്യേകം സജ്ജമാക്കിയ ആംബുലന്‍സില്‍ ഇയാളെ കോഴിക്കോട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സാമ്പിൾ പരിശോധനക്ക് ശേഷം ഇന്നാണ് രോഗം സ്ഥിരീകരിച്ചത്.

അബുദാബിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് എടപ്പാള്‍ നടുവട്ടം സ്വദേശി കൊച്ചി നെടുമ്പാശ്ശേരിയിലെത്തിയത്. അബുദാബി മുസഫയില്‍ സ്വകാര്യ ക്ലിനിക്കില്‍ റിസപ്ഷനിസ്റ്റാണ് ഇയാൾ. മെയ് ഏഴിന് രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി. ഒരാഴ്‌ച മുമ്പ് പനിയുണ്ടായിരുന്നു എന്ന് അറിയിച്ചതിനെ തുടര്‍ന്ന് രാത്രി തന്നെ ആരോഗ്യ വകുപ്പിന്‍റെ ആംബുലന്‍സില്‍ കളമശേരി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷനിലാക്കി. മെയ് എട്ടിന് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇരുവരും മലപ്പുറം സ്വദേശികളാണെങ്കിലും മറ്റ് ജില്ലകളില്‍ ചികിത്സയില്‍ തുടരുന്നതിനാല്‍ മലപ്പുറം ജില്ലയിലെ കൊവിഡ് ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. വിമാനത്തില്‍ ഇവരോടൊപ്പം എത്തിയവര്‍ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശപ്രകാരം വീടുകളിലും, കൊവിഡ് സുരക്ഷാ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലാണ്. ഇവരുമായി ദിവസവും ആരോഗ്യ വകുപ്പ് നേരിട്ട് ബന്ധപ്പെടുന്നുണ്ട്. വീടുകളില്‍ കഴിയുന്നവരില്‍ ആര്‍ക്കെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാതല കണ്‍ട്രേള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

ABOUT THE AUTHOR

...view details