കേരളം

kerala

ETV Bharat / state

ലൈഫ് ഭവന നിര്‍മാണം പൂര്‍ത്തിയാക്കാതെ കരാറുകാരന്‍ മുങ്ങി; 65കാരി കഴിയുന്നത് വാടകവീട്ടില്‍ - കരാറുകാരന്‍റെ ക്രൂരത

മാര്‍ച്ച് മാസം മുന്‍പ് പണി പൂര്‍ത്തിയാക്കി പഞ്ചായത്ത് അധികൃതരെ കാണിച്ചില്ലെങ്കില്‍ കിട്ടാനുള്ള ബാക്കി തുക പാഴായിപ്പോവും. ഇതുപോലും കണക്കിലെടുക്കാതെയാണ് കരാറുകാരന്‍റെ ക്രൂരത

ലൈഫ് ഭവന പദ്ധതി  ലൈഫ് ഭവന നിര്‍മാണം  Contractor not completing home construction  old woman in misery Malappuram  ഭവന നിര്‍മാണം പൂര്‍ത്തിയാക്കാതെ കരാറുകാരന്‍ മുങ്ങി
നിര്‍മാണം പൂര്‍ത്തിയാക്കാതെ കരാറുകാരന്‍ മുങ്ങി

By

Published : Feb 20, 2023, 2:09 PM IST

പരാതിക്കാരി വസന്ത സംസാരിക്കുന്നു

മലപ്പുറം:കരാറുകാരൻ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച് മുങ്ങിയതോടെ ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച വീട് പണി പൂര്‍ത്തിയാക്കാനാവാതെ വയോധിക. ചാലിയാർ പഞ്ചായത്തിലെ മൊടവണ്ണ അത്തിക്കാട് പൂവൻവീട്ടിൽ വസന്തയാണ് ദുരിത്തത്തിലായത്. ഇവരുടെ ഭര്‍ത്താവ് നേരത്തേ മരിച്ചുപോയതാണ്. രണ്ട് പെണ്‍കുട്ടികളുടെ വിവാഹം കഴിഞ്ഞ സാഹചര്യത്തില്‍ വാടക വീട്ടില്‍ തനിച്ചുകഴിയുകയാണ് ഈ 65കാരി.

കോണിപ്പടിയുടെ മുകള്‍ ഭാഗത്തെ കോണ്‍ക്രീറ്റ്, തേപ്പ് പണി, വയറിങ്, വാതില്‍ ഘടിപ്പിക്കല്‍ തുടങ്ങിയവയാണ് കരാര്‍ പ്രകാരം ഇനി ചെയ്യാനുള്ളത്. 2021ലാണ് ചാലിയാർ ഗ്രാമപഞ്ചായത്ത് ലൈഫ് ഭവനപദ്ധതിയിൽ വീട് അനുവദിച്ചത്. നാല് ലക്ഷമാണ് 400 സ്വകയർഫീറ്റിൽ വീട് നിർമിക്കാൻ അനുവദിച്ചത്. പെരുമ്പത്തൂർ സ്വദേശിയായ കരാറുകാരൻ ലൈഫ് ഭവനപദ്ധതി പ്രകാരമുള്ള വീടിൻ്റെ വലിപ്പം കുറച്ചാണ് നിർമാണം തുടങ്ങിയത്.

വീടിൻ്റെ വാർപ്പുപണി കഴിഞ്ഞ് മുങ്ങിയ കരാറുകാരനായ മധു പീന്നീട് തിരിഞ്ഞ് നോക്കിയില്ലെന്ന് വസന്ത പറയുന്നു. കാലി വളർത്തിയും കൂലിപ്പണി ചെയ്‌തുമാണ് വയോധിക ഉപജീവനം നടത്തുന്നത്. ഇത് പോലും പരിഗണിക്കാതെയാണ് കരാറുകാരന്‍ സ്‌ത്രീയെ ദുരിതത്തിലാക്കിയത്.

'പൊലീസിനും മന്ത്രിക്കും പരാതി കൊടുക്കും':വീട് നിർമാണവുമായി ബന്ധപ്പെട്ട് തൻ്റെ അക്കൗണ്ടിലേക്ക് എത്തിയ 3,40000 രൂപയും ഇയാൾ കൈപ്പറ്റിയിരുന്നു. എസ്റ്റിമേറ്റ് പ്രകാരമുള്ള പണികൾ പൂർത്തികരിക്കാത്തതിനാൽ അവസാന ഗഡുവായ 60,000 രൂപ പഞ്ചായത്തിൽ നിന്നും അനുവദിച്ചിട്ടുമില്ല. പണം വാങ്ങി വീട് നിർമാണം ഉപേക്ഷിച്ച് മുങ്ങിയ കരാറുകാരൻ ഇപ്പോൾ ഫോൺ വിളിച്ചാൽ പ്രതികരിക്കാത്ത സ്ഥിതിയാണുള്ളത്. പണി പൂർത്തിയാക്കാന്‍ മനസില്ലെന്നും വേണമെങ്കിൽ കേസ് കൊടുക്കാനുമാണ് മുന്‍പ് ഫോണില്‍ വിളിച്ചപ്പോള്‍ ഇയാള്‍ തന്നോട് പറഞ്ഞതെന്ന് വസന്ത വ്യക്തമാക്കി.

പഞ്ചായത്തിൽ വിവരം അറിയിച്ചപ്പോൾ കരാറുകാരനെതിരെ കേസ് കൊടുക്കാനാണ് പറഞ്ഞത്. പണം വാങ്ങി വഞ്ചിച്ച കരാറുകാരനെതിരെ പൊലീസിലും വകുപ്പ് മന്ത്രിക്കും പരാതി നൽകുമെന്ന് വസന്ത പറഞ്ഞു. തനിക്കും രണ്ട് മക്കൾക്കും കയറി കിടക്കാൻ ഒരു വീടിനായി ഒന്‍പത് വർഷത്തോളം അപേക്ഷയുമായി നടന്നിട്ടാണ് ഈ വീട് അനുവദിച്ച് കിട്ടിയത്. അതാണ് കരാറുകാരൻ പണം വാങ്ങി പാതിവഴിയിൽ മുങ്ങിയതെന്നും വസന്ത ദുഃഖത്തോടെ പറയുന്നു. വീടിൻ്റെ നിർമാണത്തിനായി ഓരോ ഗഡുവും ലഭിച്ചപ്പോൾ വീട്ടിലെത്തി പണം വാങ്ങി പോവുകയായിരുന്നു ഇയാള്‍ ചെയ്‌തത്. മുഴുവന്‍ പണവും കൈയിലായതോടെ കരാറുകാരൻ മുങ്ങി. ഇയാൾ നിർമിച്ച പല വീടുകളുടെയും അവസ്ഥ ഇതാണെന്നും വസന്ത പറയുന്നു.

വാര്‍ത്തയായതോടെ 'ഉറപ്പു'മായി കരാറുകാരന്‍: സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ വീടുപണി മാര്‍ച്ച് മാസം കഴിയുന്നതിന് മുന്‍പ് പൂര്‍ത്തിയാക്കുമെന്ന് കരാറുകാരന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ഇത് സംബന്ധിച്ച ഒരുതരത്തിലുള്ള ഉറപ്പും വസന്തയ്‌ക്ക് നല്‍കാന്‍ കരാറുകാരന്‍ തയ്യാറായിട്ടില്ല.

ABOUT THE AUTHOR

...view details