മലപ്പുറം: നിലമ്പൂരിൽ തണ്ണീർതടങ്ങൾ നികത്തിയുള്ള കെട്ടിട നിർമ്മാണം. ഹരിത ട്രൈബ്യൂണലിന് പരാതിയുമായി എ.ഐ.വൈ.എഫ്. ആവശ്യമെങ്കിൽ കോടതിയെ സമീപിക്കാൻ തയ്യാറാണെന്നും എ.ഐ.വൈ.എഫ് വ്യക്തമാക്കി. നിലമ്പൂരിൽ വാർത്താ സമ്മേളത്തിലാണ് എ.ഐ.വൈ.എഫ് മണ്ഡലം കമ്മറ്റി ഭാരവാഹികൾ ഇക്കാര്യം അറിയിച്ചത്. നിലമ്പൂർ മിനി ബൈപ്പാസ് റോഡിൽ തണ്ണീർതടങ്ങൾ മണ്ണിട്ട് നികത്തുകയാണ്. ഇത് വലിയ പരിസ്ഥിതി ആഘാതത്തിന് കാരണമാകും.
തണ്ണീർതടങ്ങൾ നികത്തി കെട്ടിട നിർമ്മാണം; ഹരിത ട്രൈബ്യൂണലിന് പരാതിയുമായി എഐവൈഎഫ് - AIYF
ഉദ്യോഗസ്ഥരുടെ ഒത്താശയാണ് അഴിമതിക്ക് പിന്നിലെന്ന് എ.ഐ.വൈ.എഫ് ആരോപിച്ചു
കഴിഞ്ഞ നിലമ്പൂർ നഗരസഭാ ബോർഡ് യോഗത്തിൽ സി.പി.എമ്മിലെ മുതിർന്ന കൗൺസിലർ രണ്ട് ലക്ഷം രൂപയുടെ അഴിമതി ചൂണ്ടി കാട്ടിയിരുന്നു. ഇതെ തുടർന്ന് സബ് കമ്മറ്റിക്ക് രൂപം നൽകിയിരുന്നു. ഇതിനിടയിലും കെട്ടിട നിർമ്മാണം തടസമില്ലാതെ നടക്കുകയാണെന്നും എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി നൗഫൽ അമ്പലൻ പറഞ്ഞു. ഈ സാഹചര്യത്തിലാണ് വിജിലൻസിനും ഹരിത ട്രൈബ്യൂണലിനും പരാതി നൽകിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഒത്താശയാണ് അഴിമതിക്ക് പിന്നിൽ എന്ന് എ.ഐ.വൈ.എഫ് പറഞ്ഞു. എ.ഐ.വൈ.എഫ് ജില്ലാ സംസ്ഥാന നേതൃത്വങ്ങളെ വിവരമറിയിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിൽ എന്നും മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന സി.പി.ഐയെയും എ.ഐ.വൈ.എഫിനെയും മോശക്കാരാക്കി കാണിക്കാൻ അഴിമതിക്കാരായ ഉദ്യോഗസ്ഥരും ഭൂമാഫിയയും നടത്തുന്ന നീക്കം അനുവദിക്കില്ല.
ലക്ഷങ്ങളുടെ അഴിമതിക്ക് കളമൊരുക്കി നിലമ്പൂർ മിനി ബൈപ്പാസ് ഭാഗത്തെ തണ്ണീർതടങ്ങൾ മുഴുവനായും നികത്തി കെട്ടിട നിർമ്മാണത്തിനുള്ള നീക്കം ബഹുജന പിന്തുണയോടെ എ.ഐ.വൈ.എഫ് പരാജയപ്പെടുത്തുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ അഡ്വ.മോഹിത മോഹൻ, ചിപ്പി ശ്രിനിവാസൻ, പി.സി.ഹരികൃഷ്ണൻ, ബേസിൽ കെ തോമസ്, ടി.ഷാനവാസ്, സി.പി.ഐ മുൻ മണ്ഡലം സെക്രട്ടറി ആർ പാർത്ഥസാരഥി എന്നിവർ പങ്കെടുത്തു.