മലപ്പുറം: പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ നിഷ്‌പക്ഷ അന്വേഷണത്തെ മുസ്ലീം ലീഗ് സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. ഈ വിഷയത്തില്‍ മുസ്ലീം ലീഗിനും പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിം കുഞ്ഞിനും ഒന്നും ഒളിക്കാനില്ലെന്നും ഏത് അന്വേഷണത്തെയും നേരിടാന്‍ മുസ്ലീം ലീഗും വി.കെ ഇബ്രാഹിം കുഞ്ഞും തയ്യാറാണെന്നും കെപിഎ മജീദ് പറഞ്ഞു. നിര്‍മാണ കമ്പനിക്ക് മൊബിലൈസിങ് അഡ്വാന്‍സ് ഫണ്ട് നല്‍കിയതില്‍ തെറ്റില്ലെന്നും മുന്‍പും ഇത്തരത്തില്‍ പണം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാലാരിവട്ടം പാലം അഴിമതി; ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറെന്ന് കെപിഎ മജീദ്
സുതാര്യമായി അന്വേഷണം നടക്കട്ടെയെന്നും മുസ്ലീം ലീഗിനും ഇബ്രാഹിം കുഞ്ഞ് എംഎല്‍എക്കും ഇക്കാര്യത്തില്‍ ആശങ്കയൊന്നുമില്ലെന്നും കെപിഎ മജീദ് പറഞ്ഞു
പാലാരിവട്ടം പാലം നിര്‍മാതാക്കള്‍ക്ക് ഏഴ് ശതമാനം പലിശക്കാണ് എട്ട് കോടി രൂപ നല്‍കിയത്. ഈ തുക തിരിച്ചടക്കുകയും ചെയ്‌തിട്ടുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാരിന് ഒരു രൂപ പോലും നഷ്‌ടമുണ്ടായിട്ടില്ല. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍റെ മാര്‍ഗ നിര്‍ദേശ പ്രകാരം പലിശ ഈടാക്കാതെ തന്നെ മുന്‍കൂര്‍ പണം നല്‍കാവുന്നതുമാണ്. പാലാരിവട്ടം പാലത്തിന്‍റെ നിര്‍മാണത്തിലുള്ള സാങ്കേതിക തകരാറുകളാണ് കണ്ടെത്തിയിട്ടുള്ളതെന്നും നിര്‍മാണത്തിനുപയോഗിച്ച സിമന്‍റ്, കമ്പി തുടങ്ങിയവ ഉപയോഗിക്കുന്നതിലെ പോരായ്‌മകള്‍ക്ക് മന്ത്രി ഉത്തരം പറയണമെന്ന് വന്നാല്‍ ആര്‍ക്കും ഭരിക്കാന്‍ സാധിക്കുകയില്ലെന്നും മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. റിമാന്‍റ് പ്രതിയുടെ ജാമ്യപേക്ഷയിലുള്ള സ്റ്റേറ്റ്‌മെന്‍റ് പ്രകാരമാണ് വിജലിന്‍സ് കേസെടുത്തിരിക്കുന്നത്. പ്രതിയുടെ മൊഴി വിശ്വാസ യോഗ്യമല്ലെന്നും പുകമറ സൃഷ്ടിച്ച് ഇബ്രാഹിം കുഞ്ഞിനെ പ്രതിയാക്കാനുള്ള ശ്രമമാണിതെന്നും കെപിഎ മജീദ് പറഞ്ഞു. സുതാര്യമായി അന്വേഷണം നടക്കട്ടെയെന്നും മുസ്ലീം ലീഗിനും ഇബ്രാഹിം കുഞ്ഞ് എംഎല്‍എക്കും ഇക്കാര്യത്തില്‍ ആശങ്കയൊന്നുമില്ലെന്നും കെപിഎ മജീദ് കൂട്ടിച്ചേർത്തു.