മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് പരാതി. താഴേ ചേളാരി സ്വദേശി നെച്ചാട്ട് പറമ്പില്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ അര്‍ഷദിന്‍റെ (38) മൃതദേഹമാണ് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം തുന്നാതെ ബന്ധുക്കള്‍ക്ക് കൈമാറിയതായി പരാതിയള്ളത്. ചൊവ്വാഴ്ച്ച രാത്രി പത്തരയോടെ ആര്‍ഷദിനെ ചേളാരിയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം രാത്രി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധന ഫലം ബുധനാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോടെ ലഭിച്ചു. പരിശോധനാ ഫലം നെഗറ്റീവായതോടെ തിരൂരങ്ങാടി പൊലീസ് നാല് മണിയോടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. പൊലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയെങ്കിലും പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ഡോക്ടറും മൂന്ന് നേഴ്‌സുമാരും എത്തുന്നത് അഞ്ച് മണിക്കാണ്. ആറര മണിയോടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി അവര്‍ മടങ്ങി. ശേഷം മൃതദേഹം കുളിപ്പിക്കാനായി മോര്‍ച്ചറിയില്‍ കയറിയപ്പോഴാണ് മൃതദേഹത്തിലെ കീറിയ ഭാഗങ്ങളിലൊന്നും ശരിയായ രീതിയില്‍ തുന്നിയിട്ടില്ലെന്ന് കാണുന്നത്. മാംസ ഭാഗങ്ങള്‍ പുറത്ത് കാണുന്ന രീതിയിലായിരുന്നു എന്നാണ് ബന്ധുക്കളുടെ പരാതി.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് പരാതി
പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം തുന്നാതെ ബന്ധുക്കള്‍ക്ക് കൈമാറിയെന്നാണ് പരാതി.
ഇത് അവിടെ ഉണ്ടായിരുന്ന നേഴ്‌സിനെ അറിയിച്ചപ്പോള്‍ സാധാരണ അങ്ങനെ തന്നെയാണെന്നായിരുന്നു മറുപടിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കാന്‍ തുടങ്ങിയതോടെ നിങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി വാങ്ങിച്ചു തന്ന കിറ്റില്‍ തുന്നാനുള്ള നൂല് ഇല്ലായിരുന്നുവെന്നും ഉള്ള നൂല് ഒപ്പിച്ചു തുന്നിയത് കൊണ്ടാണ് അങ്ങനെ തുന്നിയതെന്നും നേഴ്‌സ് പറഞ്ഞതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതോടെ ബന്ധുക്കള്‍ പരാതിയുമായി ഡോക്‌ടറെ സമീപിച്ചു. ഡോക്ടര്‍ വീണ്ടും മോര്‍ച്ചറിയിലെത്തി പരിശോധിച്ചു. വയറിന്‍റെ ഭാഗത്തും തലയുടെ ഭാഗത്തും തുന്നിയത് ശരിയായിരുന്നില്ലെന്ന് കണ്ടെത്തുകയും വീണ്ടും തുന്നാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. വിഷയത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും.