മലപ്പുറം: താനാളൂർ കേസിൽ കുറ്റസമ്മതം നടത്താൻ പൊലീസ് മർദിച്ചതായി ആരോപിച്ച് യുവാവ് രംഗത്ത്. പൊലീസ് മർദിച്ചതായി ആരോപിച്ച് യുവാവ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. താനാളൂർ പള്ളിപ്പടി സ്വദേശി മിർഷാദ് (30) ആണ് പൊലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ആറ് മാസം മുൻപായിരുന്നു മിർഷാദിന്‍റെ പിതാവിന്‍റെ സഹോദരി കൂടിയായിരുന്ന കുഞ്ഞിപ്പാത്തുമ്മ (85) മരിച്ചത്. എന്നാൽ, ഇവരുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കഴിഞ്ഞ ദിവസം കുഞ്ഞിപ്പാത്തുമ്മയുടെ മൃതദേഹം പുറത്തെടുത്ത് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പോസ്‌റ്റ്‌മോർട്ടം നടത്തിയിരുന്നു.
Also Read:തവനൂരിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വാരിയെല്ലിനും തോൾ എല്ലിനും പൊട്ടൽ കണ്ടെത്തിയതിനെ തുടർന്നാണ് മിർഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സിഐയുടെ നേതൃത്വത്തിലാണ് തന്നെ പൊലീസ് മർദിച്ചതെന്ന് മിർഷാദ് പറഞ്ഞു. ചെയ്യാത്ത കുറ്റം സമ്മതിക്കാനാണ് തന്നെ നിർബന്ധിക്കുന്നതെന്നും ഇയാൾ പറഞ്ഞു.
സംഭവത്തിൽ ജില്ല പൊലീസ് മേധാവിക്കും ഡിജിപിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകാനൊരുങ്ങുകയാണ് മിർഷാദിന്‍റെ കുടുംബം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മിർഷാദിന്‍റെ മൊഴിയെടുക്കാൻ പോലും ഇതുവരെ പൊലീസ് എത്തിയില്ലെന്നും കുടുംബം ആരോപിച്ചു.
കുഞ്ഞിപ്പാത്തുമ്മയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് പലരെയും ചോദ്യം ചെയ്‌തിട്ടുണ്ട്. അതേസമയം ആരെയും മർദിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഫോറൻസിക്ക് റിപ്പോർട്ട് പുറത്ത് വന്നാൽ മറ്റ് തുടർ നടപടികളുമായി മുന്നോട്ട് പോകുമെന്നും പൊലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് മിർഷാദ് വിവരിക്കുന്നു