മലപ്പുറം: തിരൂർ നടുവിലങ്ങാടി ടിഎഎംഎൽപി സ്‌കൂളില്‍ ക്ലാസ് മുറിയുടെ മേൽക്കൂര തകർന്നു വീണു. ഒന്നാം ക്ലാസിന്‍റെയും നഴ്‌സറി ക്ലാസിന്‍റെയും മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്. സ്‌കൂൾ വിദ്യാർഥികൾ എത്തുന്നതിന് ഏതാനും മിനിറ്റുകൾ മുമ്പാണ് മേൽക്കൂര തകർന്നു വീണത്. സ്‌കൂൾ പൂര്‍ണമായും തകര്‍ച്ചയുടെ വക്കിലാണെന്നും മാനേജ്മെന്‍റ് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. ക്ലാസ് മുറി തകർന്നതോടെ ഒന്നാം ക്ലാസിലെയും നഴ്‌സറി ക്ലാസിലെയും വിദ്യാർഥികൾ ഇപ്പോൾ ഒരു ക്ലാസ് മുറിയിൽ ഇരുന്നാണ് പഠിക്കുന്നത്.
ക്ലാസ് മുറിയുടെ മേൽക്കൂര തകർന്നു വീണു; മാനേജ്മെന്‍റിന്‍റെ അനാസ്ഥയെന്ന് രക്ഷിതാക്കൾ
സ്‌കൂൾ പൂര്‍ണമായും തകര്‍ച്ചയുടെ വക്കിലാണെന്നും മാനേജ്മെന്‍റ് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും രക്ഷിതാക്കൾ
സ്‌കൂളിന്‍റെ പരിസരമാകെ കാടുമൂടിയ നിലയിലാണെന്നും ഇഴജന്തുക്കളുടെ വാസസ്ഥലമാമെന്നും രക്ഷിതാക്കൾ പറയുന്നു. മാനേജ്മെന്‍റിന്‍റെ ഭാഗത്തുനിന്നും ഒരു തരത്തിലുള്ള സഹകരണവുമില്ലാത്തതിനാലാണ് സ്‌കൂൾ തകര്‍ച്ചയുടെ വക്കിലെത്തിയതെന്ന് പിടിഎ ഭാരവാഹികളും പറഞ്ഞു. നിലവിൽ അധ്യാപകരും പ്രദേശത്തെ ക്ലബ്ബും പൂർവ വിദ്യാർഥികളും സഹകരിച്ചാണ് സ്‌കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയത്.
1930ല്‍ സ്ഥാപിതമായ വിദ്യാലയം തകര്‍ന്നത് മാനേജ്മെന്‍റിന്‍റെ അനാസ്ഥ മൂലം നാശത്തിന്‍റെ വക്കിലെത്തിയിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഓഫീസർമാരുടെ സാന്നിധ്യത്തിൽ നിരവധി തവണ ചർച്ച നടത്തിയെങ്കിലും ഒരു പരിഹാരവുമുണ്ടായില്ലെന്നും പരാതിയുണ്ട്. മാനേജ്മെന്‍റ് തല്‍സ്ഥിതി തുടരുകയാണെങ്കില്‍ മാനേജറുടെ വീട്ടുപടിക്കൽ ഉപരോധ സമരം നടത്താനുള്ള തയാറെടുപ്പിലാണ് നാട്ടുകാരും രക്ഷിതാക്കളും.