മലപ്പുറം:കൊവിഡ് രൂക്ഷമായതോടെ കോഴിവില കുത്തനെ ഇടിഞ്ഞ് ഫാം ഉടമകൾ പ്രതിസന്ധിയിൽ. വ്യാപാരികൾ 126 രൂപയ്ക്ക് വരെ കോഴി വാങ്ങിയ സ്ഥാനത്ത് നിലവിൽ 58 രൂപയാണ് ലഭിക്കുന്നതെന്ന് ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണ സ്വദേശിനിയായ കോഴിഫാം ഉടമ ജാൻസി കണ്ണംകുളത്ത് പറഞ്ഞു.
ഏറെ പ്രതീക്ഷയോടെ ഒരു ഉപജീവന മാർഗ്ഗമെന്ന നിലയിലാണ് ബാങ്കിൽ നിന്നും വായ്പ എടുത്ത് 5.50 ലക്ഷം രൂപ മുടക്കി കോഴിഫാം തുടങ്ങിയത്. കോഴിക്കുഞ്ഞ് ഒന്നിന് 60 രൂപ പ്രകാരമാണ് വാങ്ങിയത്. നിലവില്‍ 3500 കോഴികളാണ് വിൽപ്പനക്ക് പ്രായമായി ഫാമിലുള്ളത്. ഒരു കിലോ കോഴിക്ക് 58 രൂപയ്ക്ക് പോലും വാങ്ങാനാളില്ലാത്ത അവസ്ഥയാണ്.
കൊവിഡില്‍ താഴ്ന്ന് കോഴി വില; ഫാം ഉടമകൾ പ്രതിസന്ധിയിൽ കടുത്ത ചൂട് സഹിക്കാനാകാതെ നിരവധി കോഴികൾ ചാവുന്നുമുണ്ട്. കോഴിക്ക് വില കുറയുമ്പോള്‍, കോഴിത്തീറ്റയ്ക്ക് ചാക്കിന് 1950 രൂപ നൽകണം എന്നത് വലിയ തിരിച്ചടിയാണ്. ബാങ്കിൽ നിന്നും എടുത്ത പണത്തിന്‍റെ പലിശ പോലും ഈ സാഹചര്യത്തിൽ അടയ്ക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും ജാൻസി കൂട്ടിച്ചേര്‍ത്തു.
read more: ലോക്ക്ഡൗണ്‍ : കെഎസ്‌ആർടിസി നാളെ കൂടുതൽ സർവീസുകൾ നടത്തും
നിലമ്പൂർ, ചാലിയാർ, ഊർങ്ങാട്ടിരി, പഞ്ചായത്തുകളിലായി 200 ലേറെ ചെറുകിട കോഴിഫാമുകളാണുള്ളത്. കൊവിഡ് സാഹചര്യത്തിൽ കോഴിക്ക് ആവശ്യക്കാർ കുറഞ്ഞതാണ് ഫാമുകളിൽ കോഴികൾ വിറ്റഴിക്കാനാവാതെ കിടക്കാൻ കാരണം. കടകളിൽ ഒരു കിലോ കോഴിക്ക് 72 രൂപയ്ക്കാണ് ഇന്ന് കച്ചവടം നടക്കുന്നത്.