മലപ്പുറം: തിരൂരങ്ങാടിയില്‍ നിന്ന് തിരൂര്‍, താനൂര്‍ പ്രദേശങ്ങളിലേക്ക് പോകുന്ന വഴിയിലാണ് വെഞ്ചാലിപ്പാടം. നെല്ല് വിളയുന്ന ചെറുമുക്ക് വെഞ്ചാലി വയല്‍ ഇപ്പോൾ ചുവന്ന പട്ടുടുത്ത പോലെയാണ്. നിറയെ ചുവന്ന ആമ്പല്‍പൂക്കൾ. തിരൂരങ്ങാടി നഗരസഭയെയും നന്നമ്പ്ര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ചെറുമുക്ക് വെഞ്ചാലി വയലില്‍ ഏക്കര്‍ കണക്കിന് പ്രദേശത്താണ് ചുവന്ന ആമ്പല്‍ പൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്നത്. പതിനഞ്ച് വര്‍ഷമായി പതിവുതെറ്റാതെ വെഞ്ചാലി പാടത്ത് കാഴ്‌ചയുടെ വിരുന്നൊരുക്കി ആമ്പല്‍ പൂക്കള്‍ വിരിയും.
ചുവന്നുതുടുത്ത് ആമ്പല്‍ചന്തം നിറച്ച് വെഞ്ചാലിപ്പാടം - malappuram waterlillie story
ചെറുമുക്ക് വെഞ്ചാലിയില്‍ ഏക്കര്‍ കണക്കിന് വയലിലാണ് ആമ്പല്‍പ്പൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്നത്.
ഓളപ്പരപ്പുകളില്‍ വസന്തം നിറയുന്ന കാഴ്‌ച ആസ്വദിക്കാന്‍ പ്രദേശവാസികളും സഞ്ചാരികളും മാത്രമല്ല ദേശാടനക്കിളികൾ അടക്കമുള്ള പക്ഷികളും എത്താറുണ്ട്. നേരത്തെ വെള്ളയാമ്പലുകളാണ് പാടത്ത് വിരിഞ്ഞിരുന്നത്. എന്നാല്‍ ആരോ ചുവന്ന ആമ്പല്‍ കിഴങ്ങിട്ടപ്പോള്‍ വെള്ളയാമ്പല്‍ നശിച്ചു പോയി. പുലര്‍ച്ചെ വിരിയുന്ന പൂക്കള്‍ രാവിലെ പത്തര മണിവരെ വാടാതെ നില്‍ക്കും. കൊവിഡ് കാലമാണെങ്കിലും വെഞ്ചാലി പാടത്തെ ആമ്പല്‍ വസന്തം കാണാന്‍ നിരവധി ആളുകളാണ് വരുന്നത്.
വാഹനങ്ങള്‍ നിര്‍ത്തി ആളുകള്‍ പാടത്ത് നിന്ന് ആമ്പല്‍പ്പൂക്കള്‍ ശേഖരിക്കുന്നത് ഇവിടെ പതിവ് കാഴ്‌ചയാണ്. കല്യാണങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കുമായി മാല, ബൊക്കെ എന്നിവ ഉണ്ടാക്കുന്നതിനും ഇവിടെ നിന്ന് പൂക്കള്‍ ശേഖരിക്കാറുണ്ട്. ഞാറിടാന്‍ പാടത്ത് നിലം ഒരുക്കുന്നത് വരെ ഈ ആമ്പല്‍ചന്തം ഇവിടെയുണ്ടാകും.