മലപ്പുറം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്രസംഘം ജില്ലയിലെത്തി. കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയം ഡി.എം സെല്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. പി. രവീന്ദ്രന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ. രഘു, കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസിലെ നോഡല്‍ ഓഫിസര്‍ ഡോ. അനുരാധ എന്നിവരുള്‍പ്പെട്ട സംഘമാണ് ജില്ലയിലെത്തിയത്. സംഘം ജില്ലയിലെ കൊവിഡ് വ്യാപന നിരക്കും രോഗ വ്യാപനം തടയുന്നതിന് സ്വീകരിച്ച നടപടികളും സംബന്ധിച്ച് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണനുമായി ചര്‍ച്ച നടത്തി. ശാസ്ത്രീയമായ നിയന്ത്രണങ്ങളിലൂടെ വൈറസ് വ്യാപനത്തിനു തടയിടാന്‍ ഡോ. പി. രവീന്ദ്രന്‍ നിര്‍ദേശിച്ചു.
രോഗനിയന്ത്രണത്തിന് ശാസ്‌ത്രീയ മാർഗങ്ങൾ നിർദേശിച്ച് കേന്ദ്രസംഘം
വൈറസ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തണം. രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തി ആര്‍.ആര്‍.ടി വോളന്‍റിയര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനക്ക് വിധേയരാക്കണം. സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങളുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും സംഘം നിർദേശിച്ചു.