മലപ്പുറം: കഴിഞ്ഞ ദിവസം നടന്ന എംഎഡ് ഒന്നാം സെമസ്റ്റർ പരീക്ഷയിൽ കാലിക്കറ്റ് സര്‍വകലാശാലയ്‌ക്ക് ഗുരുതര വീഴ്‌ച. 2022 ൽ നടന്ന എംഎഡ് ഫിലോസഫി പരീക്ഷയുടെ ചോദ്യ പേപ്പർ 2019 ൽ നടന്ന പരീക്ഷയുടെ തനിയാവർത്തനമായിരുന്നു. ഒരു ചോദ്യത്തിൽ മാത്രം വാക്കുകൾ മാറ്റി എന്നത് മാറ്റി നിർത്തിയാൽ ബാക്കിയെല്ലാം മൂന്ന് വർഷം മുൻപുള്ള അതേ ചോദ്യങ്ങൾ തന്നെയാണ്.
2019 ൽ നടന്ന എംഎഡ് ഒന്നാം വർഷ ബിരുദ പരീക്ഷയുടെ ചോദ്യ പേപ്പറാണ് വീണ്ടും ആവർത്തിച്ചത്. എ ബി സി എന്നിങ്ങനെ മൂന്ന് പാർട്ടായി നടന്ന പരീക്ഷയിൽ പാർട്ട് എ യിലെ ആദ്യ ചോദ്യത്തിൽ മാത്രമാണ് നേരിയ മാറ്റം ഉള്ളത്. വിദ്യാഭ്യാസവുമായുള്ള നരവംശ ശാസ്‌ത്രത്തിന്‍റെ ബന്ധത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് എഴുതുക എന്നാണ് 2019 ൽ നടന്ന പരീക്ഷയിലെ പാർട്ട് എ യിലെ ആദ്യ ചോദ്യം.