രാജ്യത്തിന്‍റെ പലഭാഗങ്ങളിലും ടേബിള്‍ ടോപ്പ് റണ്‍വേകളില്‍ നിന്നും വിമാനങ്ങള്‍ തെന്നിമാറിയുള്ള അപകടങ്ങള്‍ മുമ്പുമുണ്ടായിട്ടുണ്ട്. 2010ല്‍ മംഗലാപുരം എയര്‍പോര്‍ട്ടില്‍ 158 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടമാണ് അവയില്‍ ഏറ്റവും വലിയ ദുരന്തം. രാജ്യം നടുക്കത്തോടെ ഓര്‍ക്കുന്ന ആ മഹാദുരന്തത്തിന് ശേഷം ഇത്തരമൊരു വലിയ വിമാനാപകടം ഇന്ത്യയില്‍ത്തന്നെ ഇതാദ്യമാണ്.
അപകടക്കെണിയാകുന്ന ടേബിള്‍ ടോപ്പ് റണ്‍വേകള്‍ - കോഴിക്കോട് വിമാനാപകടം
അതീവ ദുര്‍ഘടമായ കാലാവസ്ഥയില്‍ പോലും വിമാനം അനായാസം ലാന്‍ഡ് ചെയ്യിക്കുന്ന ഏറ്റവും വിദഗ്ധനായ പൈലറ്റ് പോലും പതറുന്ന ഇടമാണ് ടേബിള്‍ ടോപ്പ് റണ്‍വേകള്‍. കോഴിക്കോട് വിമാനദുരന്തത്തിന് വഴിവച്ചതിനൊരു കാരണവും ഇത്തരം റണ്‍വേയാണ്.
കനത്ത മഴയെ തുടർന്നാണ് കരിപ്പൂർ വിമാനത്താവളത്തില്‍ വിമാനം ലാൻഡിങ്ങിനിടെ റൺവേയില്‍ നിന്ന് തെന്നിമാറി തകർന്നത്. ദുബായില്‍ നിന്നുള്ള എയർ ഇന്ത്യ IX 1344 എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മഴ പൈലറ്റിന്‍റെ കാഴ്ച മറച്ചതിനാലാകാം അപകടമെന്നാണ് സൂചന. ലാൻഡ് ചെയ്ത വിമാനം 30 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്‍റെ ഭാഗത്തേക്കാണ് വിമാനം തകർന്ന് വീണ് രണ്ടായി പിളർന്നത്. വിമാനത്തില്‍ നിന്നും പുക ഉയർന്നെങ്കിലും തീപിടിത്തം ഉണ്ടാകാതിരുന്നത് വൻ അപകടം ഒഴിവാക്കി.
മംഗലാപുരം അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷാ സാഹചര്യം പരിഗണിച്ച് കരിപ്പൂരില്‍ അന്താരാഷ്ട്ര സര്‍വീസുകളുടെ എണ്ണം കുറച്ചിരുന്നു. തുടര്‍ന്ന് വലിയ യാത്രാവിമാനങ്ങള്‍ക്കും ഇറങ്ങാന്‍ കഴിയുന്ന വണ്ണം റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയുടെ എണ്ണം 240 മീറ്ററായി വര്‍ധിപ്പിച്ചിരുന്നു. പക്ഷേ റണ്‍വേയുടെ നീളം കൂട്ടിയിരുന്നില്ല. കണ്ണൂര്‍ വിമാനത്താവളത്തിലും ടേബിള്‍ ടോപ്പ് റണ്‍വേയാണെങ്കിലും നീളക്കൂടുതല്‍ പരിമിതികള്‍ മറികടക്കുമെന്നാണ് വിദഗ്ധാഭിപ്രായം.