കൊവിഡിലും പേമാരിയിലും പകച്ചു നില്‍ക്കുന്ന ഒരു ജനതയുടെ മുമ്പിലേക്കാണ് മറ്റൊരു ദുരന്തമായി കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രാവിമാനം ഇടിച്ചിറങ്ങിയത്. ടേബിള്‍ ടോപ്പ് റണ്‍വേയുടെ മുകളില്‍ നിന്നും രണ്ടായി പിളര്‍ന്ന് കൊണ്ടോട്ടി-കുന്നുപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ്ബെല്‍റ്റ് റോഡിന്‍റെ ഭാഗത്തേക്കാണ് വിമാനം വീണത്. ആദ്യ സൂചനകള്‍ തന്നെ ഒരു ദിവസത്തെ രണ്ടാമത്തെ വലിയ ദുരന്തത്തിന്‍റെ സൂചന നല്‍കി.
ക്രാഷ് ലാന്‍ഡിംഗ് ഉറപ്പിച്ചപ്പോള്‍ തന്നെ വിമാനത്താവളത്തിലെ രക്ഷാപ്രവര്‍ത്തന വിഭാഗങ്ങള്‍ സജ്ജമായിരുന്നു. അതിവേഗം അവര്‍ പ്രവര്‍ത്തനങ്ങളാരംഭിച്ചപ്പോള്‍ തൊട്ട് പിന്നാലെ നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സുമെത്തി. സജ്ജമായിരിക്കാന്‍ ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ക്ഷണ നേരത്തില്‍ നിര്‍ദേശമെത്തി. അന്യ ജില്ലകളില്‍ നിന്ന് പോലും ആംബുലന്‍സുകളും ഫയര്‍ഫോഴ്സ് യൂണിറ്റുകളും വിമാനത്താവളത്തിലേക്ക് തിരിച്ചു. അധികൃതരുടെ നിര്‍ദേശം അനുസരിച്ച്, കിട്ടാവുന്ന സ്വകാര്യ വാഹനങ്ങളും സംഘടിപ്പിച്ച് നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് സ്വയം സന്നദ്ധരായി മുന്നില്‍ നിന്നു. കോരിച്ചൊരിയുന്ന മഴയിലും ആംബുലന്‍സുകള്‍ക്കും രക്ഷാ പ്രവര്‍ത്തകര്‍ക്കും വഴിയൊരുക്കി പൊലീസും സഹകരിച്ചു.