മലപ്പുറം: ദുബായില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വർണം പൊലീസ് പിടികൂടി. അടിവസ്‌ത്രത്തുനുള്ളില്‍ വിദഗ്‌ദമായി മൂന്ന് പാക്കറ്റുകളായി തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ച രീതിയില്‍ കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതിയെ പൊലീസ് അറസ്‌റ്റ് ചെയ്തു.
ദുബായില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കാസര്‍കോട് സ്വദേശി ഷഹലയാണ് (19) 1884 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണവുമായി എയര്‍പോര്‍ട്ടിന് പുറത്തുവച്ച് പൊലീസ് പിടിയിലായത്. 1884 ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തിലാക്കി മൂന്ന് പാക്കറ്റുകളാക്കി വസ്‌ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് യുവതി ശ്രമിച്ചത്. ഇന്നലെ രാത്രി 10.20ന് ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് (IX 346) യുവതി കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയത്. കസ്‌റ്റംസ് പരിശോധനയ്ക്ക് ശേഷം 11 മണിക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങിയ യുവതിയെ മലപ്പുറം ജില്ല പൊലീസ് മേധാവി എസ്.സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.