മലപ്പുറം: ലോകകപ്പ് ഫുട്ബോൾ നടക്കുന്നത് അങ്ങ് ഖത്തറിലാണങ്കിലും ബ്രസീലിന്‍റെ ഫുൾ ടീം ഇങ്ങ് കൊടശ്ശേരിയിലുണ്ട്. വടക്കേതലയിലെ ബ്രസീൽ ആരാധകരാണ് ടീമിന്‍റെ ആദ്യ ഇലവനും പരിശീലകനും ഉൾപ്പെട്ട സംഘത്തിന്‍റെ കട്ടൗട്ടുകൾ സ്ഥാപിച്ചത്. പട്ടിക്കാട്-വടപുറം സംസ്ഥാന പാതക്കരികിലെ ഈ കട്ടൗട്ടുകൾ ബ്രസീൽ ടീം കളത്തിലിറങ്ങിയ പ്രതീതിയാണ് സമ്മാനിക്കുന്നത്.
അങ്ങ് ഖത്തറിലല്ല, ഇവിടെ കൊടശ്ശേരിയിലുണ്ട് ബ്രസീല്‍ ടീം; ആരാധകർ ഇവിടെ ഒട്ടും ശാന്തരല്ല... - മലപ്പുറം ഏറ്റവും പുതിയ വാര്‍ത്ത
മലപ്പുറം കൊടശ്ശേരി വടക്കേതലയിലെ ബ്രസീൽ ആരാധകരാണ് ടീമിന്‍റെ ആദ്യ ഇലവനും പരിശീലകനും ഉൾപ്പെട്ട കട്ടൗട്ടുകൾ സ്ഥാപിച്ചത്.
കൂടുതൽ തവണ ലോക കീരീടം സ്വന്തമാക്കിയ ടീമെന്ന നിലയില്‍ ഒട്ടും കുറയ്‌ക്കാൻ പാടില്ലല്ലോ എന്നാണ് കൊടശ്ശേരി വടക്കേതലയിലെ ബ്രസീൽ ആരാധകർ പറയുന്നത്. പരിശീലകൻ ടിറ്റേയുടേത് ഉൾപ്പടെ 12 കട്ടൗട്ടുകളാണ് ഒരേ ഇടത്ത് സ്ഥാപിച്ചത്. ഖത്തർ സ്റ്റേഡിയത്തിൽ പന്തുമായി പായുന്ന നെയ്‌മറും പിറകിൽ നിൽക്കുന്ന സഹതാരങ്ങളും നിർദ്ദേശങ്ങൾ നൽകുന്ന പരിശീലകൻ ടിറ്റേയും പാതയോരത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
ഇത് വഴി കടന്നു പോകുന്നവർക്കെല്ലാം കൗതുക കാഴച്ചയാണ് ഈ കട്ടൗട്ടുകള്‍ സമ്മാനിക്കുന്നത്. 12 പേരിൽ മൊഞ്ചൻ നെയ്‌മർ തന്നെ. ഈ വര്‍ഷത്തെ ഖത്തർ വേൾഡ് കപ്പ് ബ്രസീലിന് തന്നെയാകുമെന്ന പ്രതീക്ഷയിലുമാണ് വടക്കേതലയിലെ ആരാധകർ. ഗ്രാമപ്പഞ്ചായത്തംഗം പി.സലീൽ ഷാഫി മാട്ടായി, ഷാഫി വെള്ളേങ്ങര ജാഫർ പട്ടത്ത്മുനീർ പട്ടത്ത്എൻ കെ കുട്ടിമാൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതീകാത്മക ബ്രസീൽ ടീമിനെ സൃഷ്‌ടിച്ചത്.