മലപ്പുറം:ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിച്ചു മാറ്റുന്നത് സംബന്ധിച്ച ഹൈക്കോടതി നിർദ്ദേശങ്ങൾ പൂർണമായും പാലിക്കുമെന്ന് മലപ്പുറം ജില്ലാ കലക്ടർ ജാഫർ മാലിക്. അനുവദിച്ച സമയത്തിനുള്ളിൽ തടയണ പൂർണമായി പൊളിച്ചുനീക്കാൻ സാങ്കേതിക തടസമുണ്ടെന്നത് ഹൈക്കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പൊളിച്ചുനീക്കൽ നടപടികൾക്ക് തടസം നേരിടുന്നതിനായി പലനീക്കങ്ങളും നടത്തുന്നുണ്ടെന്ന് പരാതിക്കാരൻ ആരോപിച്ചു. പി വി അൻവർ എംഎൽഎയുടെ ഭാര്യ പിതാവിന്‍റെ പേരിലുള്ള ചീങ്കണ്ണിപാറയിലെ തടയണയാണ് കോടതി നിർദേശപ്രകാരം പൊളിച്ചുമാറ്റാൻ ഒരുങ്ങുന്നത്.
തടയണ പൊളിച്ചു മാറ്റുന്നു; കോടതി നിർദേശം പൂർണമായും നടപ്പിലാക്കുമെന്ന് കലക്‌ടർ - കോടതി നിർദേശം
തടയണ പൂർണമായി പൊളിച്ചുനീക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി അന്ത്യശാസനം നൽകിയ സമയപരിധി ഞായറാഴ്ച അവസാനിക്കും
മൂന്ന് മണ്ണുമാന്തികൾ ഉപയോഗിച്ച് പണികൾ നടക്കുന്നുണ്ട്. എങ്കിലും പൂർവ്വസ്ഥിതിയിലേക്ക് വരാന്‍ കൂടുതൽ സമയം വേണം. നിലവിലുള്ള മണ്ണ് എങ്ങോട്ട് മാറ്റി എന്നതും കാലാവസ്ഥയുമാണ് തടസം. ഇക്കാര്യത്തെക്കുറിച്ച് രണ്ടാം തീയതി സത്യവാങ്മൂലം നൽകുമെന്നും കലക്ടർ ജാഫർ മാലിക് പറഞ്ഞു. തടയണ പൂർണമായി പൊളിച്ചുനീക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി അന്ത്യശാസനം നൽകിയ സമയപരിധി ഞായറാഴ്ച അവസാനിക്കുകയാണ്. പ്രവൃത്തികൾ തടസപ്പെടുത്താൻ അൻവറിന്‍റെ ഭാഗത്തുനിന്ന് ശ്രമങ്ങൾ ഉണ്ടായതായി സംശയിക്കുന്നു. തടയണ പൂർണമായി പൊളിച്ചുനീക്കിയില്ലെങ്കിൽ കലക്ടർക്കെതിരെ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടുപോകുമെന്നും പരാതിക്കാരൻ എ പി വിനോദ് വ്യക്തമാക്കി.