മലപ്പുറം:കാറിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 96 ലക്ഷം രൂപയുടെ കുഴല്‍പ്പണം നിലമ്പൂരില്‍ നിന്ന് പിടികൂടി. കല്‍പ്പകഞ്ചേരി സ്വദേശി കള്ളിയത്ത് അഹമ്മദ് സക്കീറില്‍ നിന്നാണ് മതിയായ രേഖകളില്ലാതെ 96,29,500 രൂപ പിടികൂടിയത്. ജില്ല പൊലീസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രി നടത്തിയ പരിശോധനയിലായിരുന്നു കുഴല്‍പ്പണം കണ്ടെത്തിയത്.
രഹസ്യ അറയില്‍ 500 രൂപയുടെ നോട്ടുക്കെട്ടുകള്‍; നിലമ്പൂരില്‍ 96 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി - 96 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി
നിലമ്പൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ പരിശോധനയില്‍ കല്‍പ്പകഞ്ചേരി സ്വദേശിയില്‍ നിന്നാണ് മതിയായ രേഖകളില്ലാതെ 96 ലക്ഷത്തിലധികം രൂപ പിടികൂടിയത്.
നിലമ്പൂര്‍ ഡിവൈഎസ്‌പി സാജു കെ അബ്രഹാമിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന നടന്നത്. നിലമ്പൂർ പൊലീസ് ഇൻസ്പെക്‌ടർ പി വിഷ്‌ണുവിൻ്റെ നേതൃത്വത്തിലുള്ള സംഘവും ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും ചേർന്നായിരുന്നു പരിശോധന നടത്തിയത്. നിലമ്പൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്.
കാറിന്‍റെ പുറക് വശത്തെ സീറ്റിലായിരുന്നു രഹസ്യ അറ നിര്‍മ്മിച്ചിരുന്നത്. ഈ അറയ്‌ക്കുള്ളില്‍ 500 രൂപയുടെ നോട്ടുകെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത പണം ഹവാല ഇടപാടുകള്‍ക്കായി എത്തിച്ചതാണെന്ന സംശയത്തിലാണ് അന്വേഷണ സംഘം. പൊലീസ് പിടിച്ചെടുത്ത പണം കോടതിയില്‍ ഹാജരാക്കിയ ശേഷം ആദായ നികുതി വകുപ്പിനും ഇ ഡിക്കും റിപ്പോർട്ട് നൽകും. എഎസ്‌ഐ കെ അനില്‍കുമാര്‍, എസ്‌സിപിഒ ടിഎം ജംഷാദ്, സിപിഒമാരായ അനസ് പി, പ്രിന്‍സ് എന്നിവരും കുഴല്‍പ്പണം പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.