മലപ്പുറം : തിരൂരിൽ ഒഴൂർ സ്വദേശിയുടെ കണ്ണ് നഷ്ടപ്പെടാൻ കാരണമായ ബ്ലാക്ക് ഫംഗസ് (മ്യൂക്കർമൈക്കോസിസ്) ബാധ ജില്ലയിൽ രണ്ടുപേർക്കുകൂടി സ്ഥിരീകരിച്ചു. എടവണ്ണ, വണ്ടൂർ മേഖലയിലുള്ളവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇവർ മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില ഇപ്പോൾ ഗുരുതരമല്ല. രോഗികളുടെ പേരുവിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല.
മലപ്പുറത്ത് രണ്ട് പേർക്ക് കൂടി ബ്ലാക്ക് ഫംഗസ് ബാധ - ബ്ലാക്ക് ഫംഗസ് കേരള
ചികിത്സയ്ക്കുള്ള എല്ലാ സംവിധാനങ്ങളും നിലവിലുണ്ടെന്നും അപൂർവരോഗമല്ല ബ്ലാക്ക് ഫംഗസ് ബാധയെന്നും ഡി.എം.ഒ. അറിയിച്ചു.
വലിയപറമ്പിൽ അബ്ദുൾഖാദറിനാണ് ഫംഗസ് ബാധകാരണം ഇടത് കണ്ണ് നഷ്ടപ്പെട്ടത്. തലച്ചോറിലേക്ക് ഫംഗസ് പടരാതിരിക്കാനായി കണ്ണ് നീക്കം ചെയ്യുകയായിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന്‍റെ ആരോഗ്യ നില ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ബ്ലാക്ക് ഫംഗസ് ബാധ പ്രത്യേക രോഗമായി കണ്ട് റിപ്പോർട്ട് ചെയ്യേണ്ട സാഹചര്യം ഇതുവരെ ഉണ്ടായിരുന്നില്ലെന്ന് ഡി.എം.ഒ. പറഞ്ഞു. കൊവിഡുമായി ബന്ധപ്പെട്ട പല സങ്കീർണതകളിൽ ഒന്നാണ് ഈ ഫംഗൽ ബാധ. കഴിഞ്ഞ ഡിസംബറിലും ജില്ലയിൽ ഇത് കണ്ടിട്ടുണ്ട്. ചികിത്സിച്ച് മാറ്റുകയും ചെയ്‌തു.
ചികിത്സയ്ക്കുള്ള എല്ലാ സംവിധാനങ്ങളും നിലവിലുണ്ടെന്നും അപൂർവരോഗമല്ല ബ്ലാക്ക് ഫംഗസ് ബാധയെന്നും ഡി.എം.ഒ. അറിയിച്ചു. ചുറ്റുപാടും കാണപ്പെടുന്ന ഒട്ടനേകം ഫംഗസുകളിൽ ഒന്ന് മാത്രമാണ് ബ്ലാക്ക് ഫംഗസ്. പഴകിയ റൊട്ടിയുടെ മുകളിൽ കറുത്ത നിറത്തിൽ കാണപ്പെടുന്ന പൂപ്പൽ ഇതിന്‍റെ മറ്റൊരു രൂപമാണ്. ആരോഗ്യമുള്ളവരിൽ ചെറിയ ചൊറിച്ചിലോ പാടുകളോ മറ്റ് ചെറിയ അസ്വസ്ഥകളോ വന്ന് മാറും. എന്നാൽ രോഗ പ്രതിരോധശേഷി കുറഞ്ഞവരിൽ ഇത് മാരകമായേക്കാം. അസുഖത്തിന്‍റെ മരണനിരക്കും കൂടുതലാണ്.