മലപ്പുറം:കരിങ്കുരങ്ങ് മനുഷ്യരുമായി ഇണങ്ങില്ലെന്നത് വെറും പഴങ്കഥയാണ്. ഈ പഴങ്കഥയെ മാറ്റിമറിച്ചതാകട്ടെ മലപ്പുറം നിലമ്പൂര്‍ അരുവാക്കോട് വനം ആര്‍ആര്‍ടി ഓഫിസിലെ ബീരാനെന്ന കരിങ്കുരങ്ങ്.
'പൊറോട്ടയും കട്ടന്‍ചായയും ഏറെ ഇഷ്‌ടം, ഉച്ചക്ക് ചോറും നിര്‍ബന്ധം'; മനുഷ്യരുമായി ഇണങ്ങി 'ബീരാന്‍' എന്ന കരിങ്കുരങ്ങ് ഒരു വര്‍ഷം മുമ്പാണ് ബീരാന്‍ ഇവിടെയെത്തിയത്. അതിന് കാരണം ബീരാന്‍റെ കയ്യിലിരുപ്പ് തന്നെയാണെന്ന് പറയാം. നിലമ്പൂര്‍ കരുളായി പടുക്ക വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ജനവാസ മേഖലയിലെ ജനങ്ങളുടെ സ്വൈര്യ ജീവിതം കെടുത്തിയിരുന്ന വില്ലാളിയായിരുന്നു ഈ കരിങ്കുരങ്ങ്.
ജനങ്ങളുടെ നിരന്തരമുള്ള പരാതിയെ തുടര്‍ന്ന് വനംവകുപ്പ് ശല്യക്കാരനായ ഈ കുരങ്ങിനെ പിടികൂടി മറ്റൊരു വനമേഖലയിലേക്ക് തുറന്ന് വിട്ടു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ജനവാസ മേഖലയിലേക്ക് തിരികെയെത്തി ശല്യം തുടര്‍ന്നു. പൊറുതി മുട്ടിയ ജനങ്ങള്‍ പരാതിയുമായി വീണ്ടും വനം വകുപ്പിനെ സമീപിച്ചു.
മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നതോടെ വനം ആര്‍ആര്‍ടി സംഘം വനത്തിലെത്തി കരിങ്കുരങ്ങിനെ പിടികൂടി നേരെ ഓഫിസിലേക്ക് കൊണ്ടുപോയി. ഓഫിസിന് സമീപത്തൊരു കമ്പി കൂട് സ്ഥാപിച്ച് അതിലടച്ചു. ഏതാനും ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും ഉദ്യോഗസ്ഥരുമായെല്ലാം കുരങ്ങ് നന്നായി ഇണങ്ങി.
കമ്പി കൂട്ടിനകത്തുള്ള കുരങ്ങിന്‍റെ ചാടി കളികളും കുസൃതികളുമെല്ലാം ഉദ്യോഗസ്ഥര്‍ക്കും ഏറെ ഇഷ്‌ടമായി. ഏറെ സ്‌നേഹം തോന്നിയ കരിങ്കുരങ്ങിന് 'ബീരാന്‍' എന്ന് ഓമന പേരിട്ടു. ഉദ്യോഗസ്ഥരുടെ സ്‌നേഹം ആവോളം അസ്വാദിക്കുന്ന ബീരാന് ഇഷ്‌ട ഭക്ഷണം ലഭിക്കണമെന്നത് നിര്‍ബന്ധമാണ്.
രാവിലെ പത്ത് മണിയോടെ കട്ടന്‍ ചായ കുടിച്ചാണ് തുടക്കം. ചോറും പുട്ടും പഴവും അപ്പവും ഇഡ്‌ലിയും പൊറോട്ടയുമെല്ലാം ഇഷ്‌ട ഭക്ഷണങ്ങളാണ്. ഉദ്യോഗസ്ഥരെത്തി സ്‌നേഹത്തോടെ തലോടുന്നത് ബീരാന് ഏറെ ഇഷ്‌ടമാണ്.
മനുഷ്യര്‍ കഴിക്കുന്നത് പോലെ വേവിച്ച ഭക്ഷണം കഴിക്കുന്ന ബീരാനെ ഇനി കാട്ടിലേക്ക് വിട്ടയച്ചാല്‍ എന്താകുമെന്ന ആശങ്കയിലാണിപ്പോള്‍ ഉദ്യോഗസ്ഥര്‍. കാട്ടിലെ ഭക്ഷണവുമായി പൊരുത്തപ്പെടാന്‍ ബീരാന് കഴിയില്ലെന്ന ആശങ്കയുള്ളത് കൊണ്ട് തന്നെ ബീരാന് കാട്ടില്‍ ലഭിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശീലിപ്പിക്കുകയാണിപ്പോള്‍ ഉദ്യോഗസ്ഥര്‍. ബീരാനെ കാട്ടിലേക്ക് വിട്ടയക്കുന്ന കാര്യത്തില്‍ വനം വകുപ്പിന്‍റെ നിര്‍ദേശ പ്രകാരമായിരിക്കും തുടര്‍ നടപടികളെന്ന് ആർആർടി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ എ.എസ് ബിജു പറഞ്ഞു.