മലപ്പുറം: കശ്‌മീർ വിഷയത്തിൽ വിവാദ ഫേസ്‌ബുക്ക് പോസ്‌റ്റിട്ട കെ ടി ജലീൽ എംഎൽഎയുടെ എടപ്പാൾ ഓഫിസിൽ യുവമോർച്ച പ്രവർത്തകർ കരി ഓയിൽ ഒഴിച്ചു. ഓഫിസിന്‍റെ ഷട്ടറിലും ബോർഡിലും കരി ഓയിൽ ഒഴിച്ച പ്രവർത്തകർ അടച്ചിട്ട ഓഫിസ് ഷട്ടറിൽ പ്രതിഷേധ പോസ്‌റ്ററും പതിച്ചു. യുവമോർച്ച ജില്ല പ്രസിഡന്‍റ് സജീഷ് ഏലായിലിന്‍റെ നേതൃത്വത്തിലാണ് എടപ്പാൾ ഓഫിസിൽ കരി ഓയിൽ ഒഴിച്ചത്.
കശ്‌മീർ പരാമർശം, ജലീലിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം, ഓഫിസിൽ കരി ഓയിൽ ഒഴിച്ചു
കെ ടി ജലീലിന്‍റെ ആസാദ് കശ്‌മീർ പരാമർശത്തിനെതിരെയാണ് യുവമോർച്ച പ്രതിഷേധിച്ചത്. പ്രവർത്തകർ ഓഫിസിന്‍റെ ഷട്ടറിലും ബോർഡിലും കരി ഓയിൽ ഒഴിച്ചു
ജലീലിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റിലെ ആസാദ് കശ്‌മീർ എന്ന പ്രയോഗം വലിയ വിവാദങ്ങളാണ് സൃഷ്‌ടിച്ചത്. തുടർന്ന് തന്‍റെ പോസ്‌റ്റിലെ ചില പരാമർശങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടെന്നും താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ജലീലിന്‍റെ പരാമർശത്തിനെതിരെ വ്യാപക വിമർശനമുയർന്നതോടെ സിപിഎം നേതൃത്വവും ജലീലിനെ തള്ളി രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെ നാടിന്‍റെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനായി പോസ്‌റ്റ് പിൻവലിക്കുകയാണെന്ന് ജലീൽ അറിയിച്ചിരുന്നു. കശ്‌മീർ സന്ദർശനത്തിനിടെ പോസ്‌റ്റ് ചെയ്‌ത ഫേസ്‌ബുക്ക് കുറിപ്പിലെ പരാമർശങ്ങളാണ് വിവാദമായത്. പോസ്‌റ്റിലെ പാക് അധീന കശ്‌മീർ, ഇന്ത്യൻ അധീന കശ്‌മീർ എന്നീ പരാമർശങ്ങൾ രാജ്യവിരുദ്ധമാണെന്നും, രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹിയിലും തിരുവനന്തപുരത്തും ജലീലിനെതിരെ പരാതികളുണ്ട്.