മലപ്പുറം:വെൽഫെയർ പാർട്ടിയുമായി കോൺഗ്രസിന് ഒരു ധാരണയുമില്ലെന്ന് ആര്യാടൻ മുഹമ്മദ്. എ.ഐ.സി.സി യുടെയും കെ.പി.സി.സിയുടെയും നിലപാട് തന്നെയാണ് ഈ വിഷയത്തിൽ തനിക്കുള്ള അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. നിലമ്പൂരിലെ വസതിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെൽഫെയർ പാർട്ടിയുമായി കോൺഗ്രസിന് ഒരു ധാരണയുമില്ല: ആര്യാടൻ മുഹമ്മദ് - aryadan muhammad about welfare party
എ.ഐ.സി.സിയുടെയും കെ.പി.സി.സിയുടെയും നിലപാട് തന്നെയാണ് ഈ വിഷയത്തിൽ തനിക്കുള്ള അഭിപ്രായമെന്നും ആര്യാടൻ മുഹമ്മദ്
വെൽഫെയർ പാർട്ടിയുമായി മുൻപ് സഖ്യം ഉണ്ടാക്കിയത് സി.പി.എം ആണെന്നും വെൽഫെയർ പാർട്ടിയുമായി കോൺഗ്രസിന് ഒരു ബന്ധവുമില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെ.സി വേണുഗോപാൽ എന്നിവർ വ്യക്തമാക്കിയിട്ടുണ്ടെന്നും കെ.പി.സി.സി.പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇക്കാര്യത്തിൽ പാർട്ടി നിലപാട് വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ചില സ്ഥലങ്ങളിൽ സി.പി.എം, ബിജ.പി, വെൽഫെയർ പാർട്ടികളിൽപ്പെട്ടവർ യു.ഡി.എഫ് സ്ഥാനാർഥികള്‍ക്ക് വോട്ട് ചെയ്തുവെന്ന് വരാമെന്നും താൻ മത്സരിച്ച സമയങ്ങളിൽ സി.പി.എം, ബി.ജെ.പി പ്രവർത്തകരിൽ ചിലരുടെ വോട്ടുകൾ ലഭിച്ചിരുന്നുവെന്നും ചില സ്ഥലങ്ങളിൽ സ്ഥാനാർഥിയെ നോക്കി ചില കോൺഗ്രസുകാർ എൽ.ഡി.എഫിന് വോട്ട് ചെയ്തുവെന്ന് വരാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം സംഭവങ്ങളെ ധാരണയോ, സഖ്യമോ ആയി ചിത്രീകരിക്കാൻ കഴിയില്ലെന്നും നിലമ്പൂർ മണ്ഡലത്തിൽ പല സ്ഥലങ്ങളിലും വെൽഫെയർ പാർട്ടി ഒറ്റക്ക് മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.