മലപ്പുറം: ആര്യാടൻ മുഹമ്മദിന് ജില്ലയിലെ കോൺഗ്രസിൽ പിടി അയയുന്നു. എ ഗ്രൂപ്പ് നേതാക്കളിൽ കൂടുതൽ പേരും വി.വി.പ്രകാശ് പക്ഷത്തായെന്നതാണ് നിലവിലെ സ്ഥിതി. മലപ്പുറത്ത് കോൺഗ്രസ് എന്നാൽ ആര്യാടൻ മുഹമ്മദ് എന്നതായിരുന്നു ജില്ലയുടെ രൂപീകരണം മുതലുള്ള അവസ്ഥ. എന്നാൽ 2016ൽ ആര്യാടൻ ഷൗക്കത്ത് പരാജയപ്പെട്ടതോടെയാണ് നിലമ്പൂരിൽ എ ഗ്രൂപ്പിനുള്ളിൽ ആര്യാടൻ വിരുദ്ധർ ശക്തി പ്രാപിച്ചത്.
ആര്യാടൻ മുഹമ്മദിന്‍റെ പിടി അയയുന്നു, നേതാക്കളിൽ കൂടുതലും വി.വി.പ്രകാശ് പക്ഷത്ത് - വി.വി.പ്രകാശ്
മലപ്പുറത്ത് കോൺഗ്രസ് എന്നാൽ ആര്യാടൻ മുഹമ്മദ് എന്നതായിരുന്നു ജില്ലയുടെ രൂപീകരണം മുതലുള്ള അവസ്ഥ. എന്നാൽ 2016ൽ ആര്യാടൻ ഷൗക്കത്ത് പരാജയപ്പെട്ടതോടെയാണ് നിലമ്പൂരിൽ എ ഗ്രൂപ്പിനുള്ളിൽ ആര്യാടൻ വിരുദ്ധർ ഒത്തുചേര്‍ന്നത്.
തന്‍റെ വിശ്വസ്തനായിരുന്ന വി.എ.കരീമിനെ ഡി.സി.സി അധ്യക്ഷനാക്കാൻ ആര്യാടൻ മുഹമ്മദ് നടത്തിയ നീക്കം അന്നത്തെ കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരൻ തടഞ്ഞിരുന്നു. വി.വി.പ്രകാശിനെയാണ് അന്ന് ഡി.സി.സി അധ്യക്ഷനാക്കിയത്. നിലമ്പൂർ സീറ്റിൽ ഉണ്ടായ പരാജയത്തിന് മറുപടി നൽകാൻ ആര്യാടൻ ഷൗക്കത്ത് കഴിഞ്ഞ അഞ്ചുവർഷം നിലമ്പൂർ മണ്ഡലത്തിൽ നിറഞ്ഞുനിന്ന് പ്രവർത്തിച്ചു. കെ.പി.സി.സി അധ്യക്ഷൻമാർ കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് നയിച്ച ജാഥകൾക്ക് മുന്നോടിയായി സാഹിതി ചെയർമാൻ എന്ന നിലയിൽ രണ്ടുതവണ സംസ്‌കാര സാഹിതി കാലാജാഥയും നടത്തി.
നിലമ്പൂർ സീറ്റിൽ വി.വി.പ്രകാശിനുവേണ്ടി പിൻമാറിയപ്പോൾ പകരമായി ആര്യാടൻ ഷൗക്കത്തിന് ലഭിച്ച ഡി.സി.സി അധ്യക്ഷ സ്ഥാനം 20 ദിവസത്തിന് ശേഷം തിരിച്ചെടുത്തതോടെ ആര്യാടൻ ക്യാമ്പ് നിരാശയിലാണ്. മുൻപ് ആര്യാടൻ ഷൗക്കത്തിന് ഡി സി.സി അധ്യക്ഷന്‍റെ താൽക്കാലിക ചുമതല നൽകിയതിനെതിരെ ആര്യാടൻ മുഹമ്മദിന്‍റെ വിശ്വസ്തനായിരുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി ഇ.മുഹമ്മദ് കുഞ്ഞി പരസ്യമായി രംഗത്തുവന്നിരുന്നു.
കോൺഗ്രസ് രാഷ്ട്രീയത്തിലെ ചാണക്യൻ എന്ന് അറിയപ്പെട്ടിരുന്ന ആര്യാടൻ മുഹമ്മദിന് ഇത് തിരിച്ചടികളുടെ കാലമാണ്. വി.വി.പ്രകാശ് നിലമ്പൂരിൽ നിന്നും വിജയിച്ചാൽ ഡി.സി.സി അധ്യക്ഷ സ്ഥാനം തിരികെ ലഭിക്കുമെന്ന നേരിയ പ്രതീക്ഷ ആര്യാടൻ ഷൗക്കത്തിനെ പിന്തുണക്കുന്നവർക്കുണ്ട്. അതിനാൽ തന്നെ ഇപ്പോൾ ലഭിച്ച തിരിച്ചടിയിൽ തൽക്കാലം മൗനം തുടരാനാണ് സാധ്യത.