മലപ്പുറം: കരിപ്പൂർ സ്വർണ കവർച്ച കേസിൽ അർജുൻ ആയങ്കി അറസ്‌റ്റിൽ. കൊണ്ടോട്ടി പൊലീസാണ് അറസ്‌റ്റ് ചെയ്‌തത്. പയ്യന്നൂരിനടുത്ത് പെരിങ്ങയിൽ നിന്നാണ് അർജുൻ ആയങ്കിയെ പൊലീസ് പിടികൂടിയത്.
സ്വർണ്ണ കവർച്ചക്ക് കാരിയറുടെ സഹായത്തോടെ ശ്രമിച്ചു എന്നാണ് കേസ്. കരിപ്പൂർ സ്വർണ കവർച്ച കേസിലെ മുഖ്യ സൂത്രധാരൻ അർജുൻ ആയങ്കിയാണെന്ന് മലപ്പുറം ജില്ല പൊലീസ് മേധാവി എസ് സുജിത് ദാസ് പറഞ്ഞു. ഈ മാസം 9 ന് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് സ്വർണ കവർച്ച സംഘത്തെ പൊലീസ് പിടികൂടിയിരുന്നു.
ഇവരിൽ നിന്നാണ് കവർച്ച സംഘത്തെ നിയന്ത്രിക്കുന്നത് അർജുൻ ആയങ്കിയാണെന്ന് പൊലീസ് കണ്ടെത്തിയത്. സ്വർണവുമായെത്തിയ കാരിയറുമായും തട്ടിക്കൊണ്ടു പോവാനെത്തിയ സംഘവുമായും അർജുൻ ആയങ്കി തുടർച്ചയായി ബന്ധപ്പെട്ടതിന് തെളിവ് ലഭിച്ചിട്ടുണ്ട്. രാമനാട്ടുകരയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സ്വർണക്കവർച്ച കേസിലും അർജുൻ ആയങ്കിയെ പ്രതിയാക്കുമെന്നും മലപ്പുറം ജില്ല പൊലീസ് മേധാവി പറഞ്ഞു.
കരിപ്പൂർ സ്വർണ കവർച്ച കേസ്; അർജുൻ ആയങ്കി അറസ്‌റ്റിൽ അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചവരെയും പൊലീസ് പിടികൂടി. കണ്ണൂർ അഴീക്കോട് സ്വദേശി പ്രണവ്, കണിച്ചേരി സ്വദേശി സനൂജ് എന്നിവരെയും തിരുവനന്തപുരം വെമ്പായം സ്വദേശി നൗഫലിനെയുമാണ് പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. നൗഫലുമായി ചേർന്ന് കാക്കനാട് വീട് വാടകക്കെടുത്ത് അർജുൻ ആയങ്കി കൊട്ടേഷൻ സംഘങ്ങളെ നിയന്ത്രിച്ചിരുന്നതായും പൊലീസ് പറഞ്ഞു.