മലപ്പുറം: ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ താമസിക്കുന്ന വൃദ്ധനായ അച്ഛൻ ഉൾപ്പെടെയുള്ള സുബ്രഹ്മണ്യനും കുടുംബത്തിനും വീടൊരുക്കി നൽകിയിരിക്കുയാണ് അരീക്കോട് ജനമൈത്രി പൊലീസ്.
അരീക്കോട് ജനമൈത്രി പൊലീസിന്‍റെയും പൊലീസ് വളണ്ടിയർമാരുടെയും നേതൃത്വത്തിലാണ് വീട് നിർമിച്ചു നൽകിയത്.
പൂർത്തിയാക്കിയ വീടിന്‍റെ താക്കോൽദാനം കൊണ്ടോട്ടി ഡി.വൈ.എസ്.പി കെ.അഷ്റഫ് നിർവഹിച്ചു. അരീക്കോട് പൊലീസിന്‍റെ നേതൃത്വത്തിൽ നിർമിക്കുന്ന രണ്ടാമത്തെ വീടാണിത്. മൂന്നാമത്തെ വീടിന്‍റെ പണി അരീക്കോട് ചെമ്പറമ്പിൽ പുരോഗമിക്കുയാണ്.
അരീക്കോട് പൊലീസ് സ്റ്റേഷനിലെ ബീറ്റ് ഓഫീസർമാർ വീടുകൾ കയറി നടത്തിയ അന്വേഷണത്തിലാണ് ഊർങ്ങാട്ടിരിയിലെ ആതാടിയിൽ ഏതു നിമിഷവും പൊളിഞ്ഞു വീഴാറായ ഒരു വീട് കണ്ടെത്തിയത്.
Also read: പോക്കറ്റിലിരുന്ന മൊബൈല്‍ പൊട്ടിത്തെറിച്ച് മലപ്പുറം സ്വദേശിക്ക് പരിക്ക്
തുടർന്ന് ഉടൻ തന്നെ അരീക്കോട് പൊലീസ് ഈ വീട്ടുകാരെ കുറിച്ച് അന്വേഷണം നടത്തുകയും ശേഷം സുബ്രഹ്മണ്യനും കുടുംബവും നിർധനരായ കുടുംബമാണെന്ന് കണ്ടെത്തുകയും ചെയ്തു.
ഏകദേശം നാല് ലക്ഷം രൂപയുടെ അടുത്ത് സമാഹരിച്ചാണ് രണ്ട് ബെഡ്റൂമുകൾ അടങ്ങുന്ന വീട് നിർമിച്ചത്. ആറ് മാസം കൊണ്ടാണ് വീട് നിർമിച്ച് നൽകിയത്. മുമ്പത്തെ വീടിന്‍റെ ദുരവസ്ഥ കാരണം സുബ്രഹ്മണ്യത്തിന്‍റെ വിദ്യാർഥികളായ രണ്ടു മക്കളും അടുത്ത വീട്ടിൽ ആയിരുന്നു രാത്രികാലങ്ങളിൽ ഉൾപ്പെടെ തങ്ങിയിരുന്നത്.
കൂടാതെ നിർധനരായ ഇവർക്ക് പഞ്ചായത്തിൽ നിന്നും വീട് ലഭിക്കില്ല എന്ന സാഹചര്യം മനസിലാക്കി കൂടി ആണ് അരീക്കോട് ജനമൈത്രി പൊലീസ് വീട് നിർമിച്ച് നൽകാൻ തീരുമാനിച്ചത്.
കുടുംബത്തിന്‍റെ ഈ പ്രശ്നങ്ങൾ കൂടി മനസിലാക്കിയതോടെയാണ് വീടിന്‍റെ ജോലി ഉടൻ പൂർത്തിയാക്കിയത്. എന്നാൽ കൊവിഡ് മൂലം ലോക്ക് ഡൗൺ വന്നതാണ് വീടു പണി ആറ് മാസം വരെ നീണ്ടുപോകാൻ കാരണമായതെന്ന് അരീക്കോട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
എന്തായാലും വീടുപണി പൂർത്തിയാക്കി കുടുംബത്തിന് താക്കോൽ കൈമാറിയതോടെ ഇനിയുള്ള നാളുകളിൽ ആരെയും ഭയക്കാതെ അടച്ചുറപ്പുള്ള വീട്ടിൽ സമാധാനമായി കഴിയാമെന്ന സന്തോഷത്തിലാണ് സുബ്രഹ്മണ്യനും അച്ഛൻ മാരനും.