മലപ്പുറം: ലക്ഷദ്വീപില്‍ കേന്ദ്ര സർക്കാർ നടപ്പാക്കുന്നത് വര്‍ഗീയ അജണ്ടയെന്ന് എപി അനിൽ കുമാർ എംഎൽഎ. ദ്വീപ് നിവാസികള്‍ ഒരിക്കലും സംഘര്‍ഷത്തിന്‍റെ മാര്‍ഗം സ്വീകരിച്ചതായി കേട്ടിട്ടില്ല. ദ്വീപില്‍ നടക്കുന്ന ഭരണ പരിഷ്കാരങ്ങള്‍ ജനം ഭയപ്പാടോടെയാണ് നോക്കിക്കാണുന്നത്. കുറ്റകൃത്യങ്ങളൊട്ടും ഇല്ലാത്ത ദ്വീപിൽ ഗുണ്ട ആക്ട് നടപ്പാക്കിക്കൊണ്ടും പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകള്‍ പൊളിച്ച് മാറ്റിക്കൊണ്ടും അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ പട്ടേൽ കടുത്ത മൗലികാവകാശ ലംഘനമാണ് നടത്തുന്നത്.
ജില്ല പഞ്ചായത്തിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറച്ച് ദ്വീപുകാർ എങ്ങനെ ജീവിക്കണമെന്ന് ഡൽഹിയിലെ മേലാളന്മാർ തീരുമാനിക്കുകയാണ്. ദ്വീപ് ജനത എന്ത് കഴിക്കണമെന്ന് അവരാണ് ഇപ്പോൾ തീരുമാനിക്കുന്നത്. ദ്വീപുകാർ ബീഫ് കഴിക്കാൻ പാടില്ലത്രെ. മദ്യ നിരോധിത മേഖലയായിരുന്ന ദ്വീപിൽ മദ്യശാല തുറന്ന് അവർ പുതിയ സംസ്കാരം അവിടുത്തെ ജനതയുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. അന്യായമായി സർക്കാർ സർവീസിലെ ദ്വീപ് നിവാസികളെ പിരിച്ചുവിടുന്നു. ബേപ്പൂർ മാർഗമുള്ള തുറമുഖ ബന്ധം വിച്ഛേദിക്കുന്നു. മംഗലാപുരം വഴിയേ ചരക്ക് വ്യാപാരം നടത്താവൂ എന്ന നയം കേരളവുമായി ചേർന്ന് കിടക്കുന്ന അവരുടെ സംസ്കാരത്തെ വെല്ലുവിളിച്ചുകൊണ്ടുള്ളതാണെന്നും എംഎൽഎ പറഞ്ഞു.
Also Read:ലക്ഷദ്വീപ് ജനതയെ കേന്ദ്ര സർക്കാർ വെല്ലുവിളിക്കുന്നുവെന്ന് കെ.സി വേണുഗോപാൽ