മലപ്പുറം:സോഷ്യല്‍ മീഡിയയിലെ 'അദൃശ്യ സുഹൃത്തിന്‍റെ' കരുതലില്‍ വീട് വീട്ടിറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി മലപ്പുറം ജില്ലാ പൊലീസ് ആനിമേഷൻ വീഡിയോ പുറത്തിറക്കി. ജില്ലാ പൊലീസ് മേധാവി യു. അബ്‌ദുൽ കരീമിന്‍റെ നേതൃത്വത്തില്‍ ഒരുക്കിയ 'മിന്ന്‌ണതെല്ലാം പൊന്നല്ല' എന്ന വീഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ വീഡിയോ പ്രകാശനം ചെയ്‌തു.
വീട് വിട്ടോടുന്നവർക്ക് താക്കീതായി മലപ്പുറം പൊലീസിന്‍റെ 'മിന്ന്ണതെല്ലാം പൊന്നല്ല'
സോഷ്യല്‍ മീഡിയയിലും മൊബൈല്‍ ഫോണിലും അക്കരപ്പച്ച കാണുന്നവര്‍ക്ക് മുന്നറിയിപ്പ് നൽകിയാണ് മലപ്പുറം പൊലീസ് ടീം ആനിമേഷൻ വീഡിയോ പുറത്തിറക്കിയത്
വീട് വിട്ട് പോകുന്നവരില്‍ സോഷ്യല്‍ മീഡിയയും മൊബൈല്‍ ഫോണും വില്ലനാകുന്നതെങ്ങനെയെന്ന് ലളിതമായി നാലര മിനിറ്റ് മാത്രമുള്ള ഈ വീഡിയോയിൽ രസകരമായി പറയുന്നു. ഒപ്പം ചെറിയ കാര്യങ്ങള്‍ക്ക് പോലും വീട് വിട്ടിറങ്ങുകയല്ല തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കൗണ്‍സിലിങ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താമെന്ന് കൂടി വീഡിയോ ഓര്‍മപ്പെടുത്തുന്നു.
മലപ്പുറം ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്‍റ് അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്‌ടർ ഫിലിപ്പ് മമ്പാട്, എടവണ്ണ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഹരിനാരായണന്‍ എന്നിവരാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. മലപ്പുറം ശൈലിയിലെ സംഭാഷണം കൊണ്ട് പ്രശസ്‌തനായ പാണാലി ജുനൈസാണ് ശബ്‌ദം നല്‍കിയിരിക്കുന്നത്. ഗ്രാഫിക്‌സ് ജോലികള്‍ നിര്‍വഹിച്ചത് ഉസ്‌മാൻ ഒമറാണ്. മലപ്പുറം പൊലീസിന്‍റെ ഫെയ്‌സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്‌ത വീഡിയോ മിനുറ്റുകള്‍ക്കകം നിരവധി പേരാണ് കണ്ടത്.