കേരളം

kerala

ETV Bharat / state

കുഞ്ഞിന്‍റെ മൃതദേഹമുമായി റോഡരികില്‍ യുവതിയുടെ വിലാപം;ആശ്രയമായി ആംബുലന്‍സ് ഡ്രൈവർ

തമിഴ്‌നാട് തൻട്രാംപട്ട് താലൂക്കിലെ മേൽമുത്തനൂർ ഗ്രാമവാസികളായ സത്യരാജ്-ഉഷ ദമ്പതിമാരുടെ കുഞ്ഞാണ് ബുധനാഴ്‌ച മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്

ആംബുലൻസ് ഡ്രൈവര്‍  മഞ്ചേരി മെഡിക്കൽ കോളജ്  ambulance driver  infant death in manjeri  മലപ്പുറം  malappuram news
ആംബുലൻസ് ഡ്രൈവറുടെ കനിവിൽ തമിഴ് കുടുംബത്തിന് കണ്ണീരറുതി

By

Published : Mar 5, 2020, 12:30 PM IST

മലപ്പുറം: ചോരക്കുഞ്ഞിന്‍റെ മൃതദേഹവും കെട്ടിപ്പിടിച്ച് എന്ത് ചെയ്യണമെന്നറിയാതെ വിലപിച്ച തമിഴ്‌ യുവതിക്ക് സഹായമെത്തിച്ച് ആംബുലൻസ് ഡ്രൈവര്‍. മഞ്ചേരി മെഡിക്കല്‍ കോളജിന് മുന്നിലായിരുന്നു ആരുടെയും കരളലിയിക്കുന്ന ഈ കാഴ്ച.യുവതിയുടെ നിസഹായാവസ്ഥ മനസിലാക്കിയ മഞ്ചേരിയിലെ ആംബുലൻസ് ഡ്രൈവര്‍ നൗഫലും കൂട്ടുകാരൻ ഇര്‍ഷാദുമാണ് കുഞ്ഞിന്‍റെ മൃതദേഹം സംസ്‌കരിക്കാൻ വേണ്ട സഹായമൊരുക്കിയത് .

ആംബുലൻസ് ഡ്രൈവറുടെ കനിവിൽ തമിഴ് കുടുംബത്തിന് കണ്ണീരറുതി

നൗഫൽ ഉടന്‍ തന്നെ പെരിന്തൽമണ്ണ നഗരസഭാ ചെയർമാനെ വിവരമറിയിച്ചു. തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്ന ചെയർമാൻ നഗരസഭാ ജീവനക്കാരെ അറിയിച്ച് നഗരസഭാ ശ്‌മാശാനത്തിൽ സംസ്‌കാരത്തിനുള്ള ഏർപ്പാടുകൾ ചെയ്‌തു. നൗഫലും സുഹൃത്തും ആംബുലൻസിൽ മൃതദേഹവുമായി ശ്മശാനത്തിലെത്തി. സംസ്‌കാര കർമങ്ങൾക്കുശേഷം ആചാരങ്ങൾക്കായി യുവതിയും കുടുംബവും നാട്ടിലേക്ക് മടങ്ങി. ഇവർക്ക് നാട്ടിലെത്താനുള്ള ചെലവുകളെല്ലാം നഗരസഭാ ചെയർമാന്‍റെ സാന്ത്വന ഫണ്ടിൽ നിന്ന് നൽകി.

തമിഴ്‌നാട് തൻട്രാംപട്ട് താലൂക്കിലെ മേൽമുത്തനൂർ ഗ്രാമവാസികളായ സത്യരാജ്-ഉഷ ദമ്പതികളുടെ കുഞ്ഞാണ് ബുധനാഴ്ച മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഇവര്‍ പെരിന്തൽമണ്ണ വലിയങ്ങാടിയിൽ അഞ്ചുവർഷമായി താമസിച്ചുവരികയായിരുന്നു. ഉഷയും മാതാവ് കുപ്പുവുമാണ് ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്നത്.

ഗർഭിണിയായ ഉഷയ്ക്ക് ഏഴാം മാസത്തില്‍ അസ്വസ്ഥതയനുഭവപ്പെട്ടതോടെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽനിന്ന് രണ്ടാഴ്ച മുമ്പ് മഞ്ചേരിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടയിലാണ് ഭർത്താവ് സത്യരാജ് കുടുംബത്തെ ഉപേക്ഷിച്ച് പോയത്. നിർമാണജോലിക്കാരായിരുന്ന ഇവരുടെ കൈയിലെ പണമെല്ലാം ഇതിനകം തീർന്നിരുന്നു. മാസം തികയാതെ പ്രസവിച്ചതോടെ ഹൃദയമിടിപ്പ് കുറഞ്ഞ് കുട്ടി മരിച്ചു. മൃതദേഹം സംസ്‌കരിക്കാനോ മറ്റു കാര്യങ്ങൾക്കോ ആരുമില്ലാത്ത അവസ്ഥയായി. ഈ സാഹചര്യത്തിലാണ് മഞ്ചേരിയിലെ ആംബുലൻസ് ഡ്രൈവറായ നൗഫലും കൂട്ടുകാരൻ ഇർഷാദും ഇടപെട്ട് യുവതിക്ക് സഹായമൊരുക്കിയത്.

ABOUT THE AUTHOR

...view details