മലപ്പുറം: ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൊവിഡ് രോഗികളുടെ എണ്ണത്തിന് കുറവൊന്നുമില്ല. വീടുകളില്‍ നിന്നാണ് മലപ്പുറത്ത് കൊവിഡ് വ്യാപിക്കുന്നതെന്ന് മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രസ്താവിച്ചിട്ടും ഇത് നിയന്ത്രിക്കാന്‍ ഉത്തരവാദിത്വപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ തങ്ങളുടെ ചുമതലകള്‍ കാര്യമായി നിര്‍വഹിക്കുന്നില്ലെന്ന് എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി ആരോപിച്ചു.
ഗവണ്‍മെന്‍റ് ഉത്തരവ് പ്രകാരം എല്ലാ തദ്ദേശ സ്ഥാപനങ്ങളും പ്രാഥമിക വാസകേന്ദ്രങ്ങളും കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളും സ്ഥാപിക്കേണ്ടതുണ്ട്. എന്നാല്‍ മലപ്പുറം ജില്ലയിലെ മിക്ക തദ്ദേശ സ്ഥാപനങ്ങളും ഈ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടില്ല. സാധാരണക്കാര്‍ താമസിക്കുന്ന ഗ്രാമ പ്രദേശങ്ങളിലെ മിക്ക വീടുകളിലും കൊവിഡ് രോഗികള്‍ക്ക് പ്രത്യേക ബാത്റൂം സൗകര്യത്തോടുകൂടി ക്വാറന്‍റൈനില്‍ ഇരിക്കാനുള്ള സൗകര്യങ്ങളില്ല. ഇവര്‍ സ്വന്തം വീടുകളില്‍ തന്നെ ക്വാറന്‍റൈനില്‍ ഇരിക്കുന്നത് രോഗ പകര്‍ച്ചക്ക് വലിയ കാരണമാവുന്നുണ്ട്. ഇത്തരം വീടുകളില്‍ കഴിയുന്നവരെ കണ്ടെത്തി അവരെ പ്രാഥമികവാസ കേന്ദ്രത്തിലേക്ക് മാറ്റേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. ഇക്കാര്യത്തില്‍ വാര്‍ഡ് തല സമിതികളെയും സജീവമാക്കേണ്ടതുണ്ട്. എന്നാല്‍ അപൂര്‍വ്വം ചില തദ്ദേശ സ്ഥാപനങ്ങള്‍ ഒഴികെ മിക്കറാവും തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. മലപ്പുറം ജില്ലയിലെ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും ഭരിക്കുന്നത് യുഡിഎഫിന്‍റെ നേതൃത്വത്തിലാണ്.