മലപ്പുറം:ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്‌ജിന്‍റെ ചോർച്ച അടക്കാൻ വൈകുന്നത് സർക്കാരിന് വീണ്ടും കോടികളുടെ ബാധ്യതയുണ്ടാക്കുമെന്ന് ആക്ഷേപം. 148 കോടി രൂപ ചെലവിട്ടു നിർമിച്ച പദ്ധതി സംരക്ഷിക്കുന്നതിനായി അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. ചോർച്ച അടക്കാൻ സർക്കാർ ഫണ്ട് അനുവദിച്ചതായി അറിയിച്ചിട്ടും നടപടിയുണ്ടാകാത്തതാണ് പാലത്തിന് ഭീഷണി ഉയർത്തുന്നത്.
ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്‌ജ് സംരക്ഷിക്കണമെന്ന് നാട്ടുകാർ - Chamravattam Bridge News
സർക്കാർ ഫണ്ട് അനുവദിച്ചതായി അറിയിച്ചിട്ടും ചോർച്ച അവസാനിപ്പിക്കാന്‍ നടപടിയുണ്ടാകാത്തതാണ് പാലത്തിന് ഭീഷണി ഉയർത്തുന്നത്

ഒരു കിലോമീറ്റർ നീളമുള്ള പാലത്തിന്‍റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന തരത്തിൽ പുഴയിലെ സുരക്ഷാ കവചങ്ങൾ ഓരോന്നായി തകർന്നടിയുകയാണ്. മേൽഭാഗം പാലമായി നിലനിൽക്കുന്നുണ്ടെങ്കിലും അടിഭാഗത്തെ വലിയ തകർച്ച പരിഹരിച്ചില്ലെങ്കിൽ പദ്ധതിയുടെ സംരക്ഷണത്തിനായി ഇനിയും കോടികൾ ചെലവഴിക്കേണ്ടിവരും. വർഷകാലത്ത് വെള്ളത്തിന്‍റെ കുത്തൊഴുക് നിയന്ത്രിച്ചിരുന്ന കല്ലുകൾ നഷ്ടപ്പെട്ടു. ഇതോടെ അടിഭാഗത്തായി നിർമ്മിച്ച കോൺക്രീറ്റ് സ്ലാബുകളും തകർന്നു തുടങ്ങിയിട്ടു ണ്ട്. സ്ലാബുകളുടെ തകർച്ച പാലത്തിന്‍റെ തൂണുകളെയും ബാധിക്കുമെന്ന് നിർമാണ മേഖലയിലെ വിദഗ്‌ദ്ധർ പറഞ്ഞു. കൃത്യമായ പരിചരണമില്ല. അതിനാല്‍ പദ്ധതി തുരുമ്പെടുത്ത് നശിക്കുകയാണ്. അറ്റകുറ്റ പണികൾക്കായി വൻതുക ചിലവാക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ. തുരുമ്പെടുത്ത ഭാഗത്ത് പെയിന്‍റടിക്കുകമാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. ചോർച്ച അടക്കാന്‍ യോജിച്ച സമയമായിട്ട് പോലും നടപടികൾ ഉണ്ടാകാത്തത് പദ്ധതിയുടെ തകർച്ചക്ക് കാരണമാകുമെന്നും നാട്ടുകാർ പറഞ്ഞു.