മലപ്പുറം: പുള്ളിമാനെ വെടിവച്ച് കൊന്ന ഇറച്ചിയുമായി കടന്ന കേസിൽ ഒളിവിലായിരുന്ന പ്രതി അഞ്ചര മാസങ്ങൾക്ക് ശേഷം വനംവകുപ്പിന് മുന്നിൽ കീഴടങ്ങി (Absconding Accused In The Deer Poaching Case Surrendered). ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ട ചെമ്പൻ കൊല്ലി സ്വദേശി പുത്തലത്ത് മുജീബ് ആണ് അന്വേഷണ ഉദ്യോഗസ്ഥനായ നിലമ്പൂർ റെയ്ഞ്ച് ഓഫിസർ കെ.ജി അൻവറിന് മുമ്പാകെ രാവിലെ ഒമ്പത് മണിയോടെ കീഴടങ്ങിയത്.
കോടതി ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുമ്പിൽ ഹാജരാകാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതിനെ തുടർന്നായിരുന്നു പ്രതിയുടെ കീഴടങ്ങൽ. റെയ്ഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ പുള്ളിമാനെ വെടിവച്ചുകൊന്ന കാനകുത്ത് വൈലാശ്ശേരി വനമേഖലയിൽ എത്തിച്ച് പ്രതിയുമായി തെളിവെടുപ്പ് നടത്തുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്‌തു.
നിലമ്പൂർ നോർത്ത് എസിഎഫ് രവീന്ദ്രനാഥാണ് ഇയാളുടെ മൊഴിയെടുത്തത്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മഞ്ചേരി വനം കോടതിയിൽ ഹാജരാക്കും. മുൻപും ഇയാൾ വേട്ട കേസിൽ പ്രതിയായിട്ടുണ്ട്.
കഴിഞ്ഞ മാർച്ച് 23നാണ് നിലമ്പൂർ റെയ്ഞ്ചിലെ കാഞ്ഞിരപുഴ വനം സ്‌റ്റേഷൻ പരിധിയിലെ കാനകുത്ത് വൈലാശ്ശേരി വനമേഖലയിൽ നിന്നും പുള്ളിമാനെ വെടിവെച്ച് കൊന്ന് പ്ലാസ്‌റ്റിക്ക് ചാക്കിലാക്കി ബൈക്കിൽ ഇറച്ചിയുമായി കടക്കുമ്പോൾ ആയിരുന്നു വനപാലകർ സാഹസികമായി പിടികൂടിയത്.
ചുങ്കത്തറ പഞ്ചായത്തിലെ കണ്ടച്ചിറ അയൂബാണ് അന്ന് പിടിയിലായത്. ബൈക്കിൻ്റെ പുറകിൽ അയൂബിനൊപ്പമുണ്ടായിരുന്ന മുജീബ് ഓടി രക്ഷപ്പെടുകയായിരുന്നു. വേട്ടക്ക് ഉപയോഗിച്ച ലൈസൻസ് ഇല്ലാത്ത നാടൻ തോക്കും വെടിയുണ്ടകളും ബൈക്കും കസ്‌റ്റഡിയിലെടുത്തിരുന്നു.
രണ്ട് ഇലക്ട്രോണിക് ത്രാസുകൾ, നാല് കത്തികൾ, രണ്ട് ഹെഡ് ലൈറ്റുകൾ, ആയുധങ്ങൾക്ക് മൂർച്ച കൂട്ടുന്ന ഉപകരണങ്ങൾ എന്നിവ അടക്കമാണ് പിടിച്ചെടുത്തത്. കാഞ്ഞിരപുഴ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ എം.കെ രമേശൻ, സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ പി.മാനുകുട്ടൻ, ബീറ്റ് ഫോറസ്‌റ്റ് ഓഫിസർമാരായ ആന്‍റണി തോമസ്, സന്തോഷ് കുമാർ എന്നിവരാണ് തെളിവെടുപ്പിൽ പങ്കെടുത്തത്.