മലപ്പുറം: ലോകസഭാ അംഗത്വം രാജിവെച്ച കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ മഞ്ചേരിയോ, ഏറനാട് മണ്ഡലമോ ഉറപ്പിച്ച് മുസ്ലിംലീഗിന്‍റെ രാജ്യസഭാ എം.പി പി.വി.അബ്ദുല്‍ വഹാബ്. രണ്ടു തവണ രാജ്യസഭാ എം.പിയായ മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്നത് ഇതാദ്യമാണ്.
എം.പി.സ്ഥാനം രാജിവെച്ചു വരുന്നത് ഭരണം ലഭിച്ചാല്‍ മന്ത്രി സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. നിലിവില്‍ മഞ്ചേരിയിലെ മുസ്ലിം ലീഗിന്‍റെ സിറ്റിംഗ് എം.എല്‍.എയായ അഡ്വ.എം.ഉമ്മറിന് ഇത്തവണ സീറ്റ് നല്‍കിയേക്കില്ല. ലീഗിന്‍റെ കുത്തക സീറ്റായ മഞ്ചേരിയില്‍ നിഷ്പ്രയാസം ജയിച്ചുകയറാമെന്ന കണക്ക് കൂട്ടലാണ് വഹാബിനുള്ളത്.
രണ്ടുതവണ രാജ്യസഭാ എം.പിയായിട്ടുണ്ടെങ്കിലും ഇതുവരെ പൊതു തെരഞ്ഞെടുപ്പില്‍ വഹാബ് മത്സരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ജയസാധ്യത ഉറപ്പുള്ള സീറ്റില്‍ മാത്രമെ വഹാബ് മത്സരിക്കുകയുള്ളുവെന്ന് നേരത്തെ തന്നെ നേതാക്കളെ അറിയിച്ചിരുന്നു. സീനിയറായ നേതാക്കന്‍മാര്‍ മാറിനില്‍ക്കണമെന്ന പൊതു അഭിപ്രായം ലീഗില്‍ നിന്നും നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
കുഞ്ഞാലിക്കുട്ടിക്ക് പ്രത്യേക പരിഗണന നല്‍കാമെന്നും പൊതു അഭിപ്രായം ഉയര്‍ന്നതിന്‍റെ അടിസ്ഥാനത്തില്‍, മലപ്പുറം നിയമസഭാ മണ്ഡലത്തില്‍ കെ.പി.എ മജീദ് മത്സരിക്കുമെന്ന സൂചനകളുയര്‍ന്നെങ്കിലും അവസാനം മജീദിനെ പരിഗണക്കേണ്ടെതില്ലാ എന്ന രീതിയില്‍ വരെ ചര്‍ച്ച എത്തി നില്‍ക്കുകയാണ്.