മലപ്പുറം:ഒന്‍പത് മാസം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ സ്വന്തം കൈപ്പടയില്‍ എഴുതി പൂര്‍ത്തിയാക്കി ശ്രദ്ധേയമാവുകയാണ് മലപ്പുറം സ്വദേശിനിയായ 24കാരി. താനൂര്‍ എടക്കര സ്വദേശി ഷഹനമോളാണ് ഖുര്‍ആനിന്‍റെ 114 അധ്യായങ്ങളും എഴുതി പൂര്‍ത്തിയാക്കിയത്. അറബിക് കോളജില്‍ പഠനം പൂര്‍ത്തിയാക്കിയ ഷഹന അറബിക് കാലിഗ്രാഫി നിരന്തരം എഴുതി പരിശീലിച്ചിരുന്നു.
തുടര്‍ന്നാണ് 2021 ഒക്‌ടോബറില്‍ ഖുര്‍ആനിലെ ചെറിയ സൂറത്തുകള്‍ (അധ്യായങ്ങള്‍) എഴുതി തുടങ്ങിയത്. അക്ഷര തെറ്റുകളില്ലാതെ വളരെ വ്യക്തമായി തനിക്ക് എഴുതാനാവുമെന്ന് മനസിലാക്കിയ ഷഹന പിന്നീട് വലിയ സൂറത്തുകള്‍ എഴുതാന്‍ ആരംഭിച്ചു. ഒക്‌ടോബറില്‍ ആരംഭിച്ച ഖുര്‍ആന്‍ എഴുത്ത് ഇക്കഴിഞ്ഞ ജൂണില്‍ ഷഹനയ്ക്ക് പൂര്‍ത്തിയാക്കാനുമായി.
പ്രിന്‍റിംഗിനെ പോലും വെല്ലുന്ന തരത്തിലാണ് ഷഹനയുടെ എഴുത്ത്. 609 പേജുകളിലായി എഴുതി പൂര്‍ത്തിയാക്കിയ ഖുര്‍ആനിലെ ഓരോ ജുസ്‌ഹുകളും (ഭാഗം) പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. ഷഹന എഴുതി പൂര്‍ത്തിയാക്കിയ പേജുകള്‍ മുഴുവന്‍ ഭംഗിയായി ബൈൻഡ് ചെയ്തിട്ടുമുണ്ട്.