മലപ്പുറം: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 604 പേർക്ക് കൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 9,898 പേരാണെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. 29 പേരാണ് ഐസൊലേഷനിലുള്ളത്. 9,851 പേര്‍ വീടുകളിലും 18 പേര്‍ കൊവിഡ് കെയര്‍ സെന്‍ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു. 19 പേർ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ആറ് പേർ തിരൂര്‍ ജില്ലാ ആശുപത്രിയിലും മൂന്ന് പേർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ഒരാൾ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലുമാണ് ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന അഞ്ച് വൈറസ് ബാധിതരുടേയും ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു.
മലപ്പുറം ജില്ലയില്‍ 604 പേർ കൂടി നിരീക്ഷണത്തില്‍ - മലപ്പുറം കൊവിഡ് വാർത്ത
ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 9,898 പേരാണെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. മഞ്ചേരി ഗവൺമെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രി കൊവിഡ് 19 പ്രത്യേക ചികിത്സാ കേന്ദ്രമാക്കി മാറ്റി.
![മലപ്പുറം ജില്ലയില്‍ 604 പേർ കൂടി നിരീക്ഷണത്തില്‍ Kl-mpm-corona pkg malappuram district news covid updates kerala 604 more people in observation malappuram corona news മലപ്പുറം ജില്ലയില്‍ 604 കൂടി നിരീക്ഷണത്തില്‍ മലപ്പുറം കൊവിഡ് വാർത്ത കേരളം കൊവിഡ് വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6533888-812-6533888-1585101316569.jpg)
ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച സാമ്പിളുകളില്‍ 302 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി 66 സാമ്പിളുകളുടെ ഫലമാണ് ലഭിക്കാനുള്ളത്. വാര്‍ഡുകള്‍ തോറുമുള്ള ദ്രുത കര്‍മ്മ സംഘങ്ങളുടേയും പൊലീസിന്‍റെയും നിരീക്ഷണം ഊര്‍ജിതമായി തുടരുകയാണ്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി യു. അബ്‌ദുള്‍ കരീം അറിയിച്ചു. ഇത്തരം വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 9497963336, 9497934346 എന്നീ നമ്പറുകളില്‍ പൊലീസിന് വിവരങ്ങള്‍ കൈമാറാം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പൊലീസിന്‍റെ സേവനം ആവശ്യമുണ്ടെങ്കിലും ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കൊവിഡ് കെയര്‍ സെന്‍ററുകള്‍ സജ്ജമാക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മഞ്ചേരി ഗവൺമെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രി കൊവിഡ് 19 പ്രത്യേക ചികിത്സാ കേന്ദ്രമാക്കി മാറ്റി. ആവശ്യം വരുന്ന സാഹചര്യത്തില്‍ പ്രത്യേക ചികിത്സാ കേന്ദ്രമായി ഉപയോഗിക്കാന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയും സജമാക്കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. 93 ഗ്രാമ പഞ്ചായത്തുകളില്‍ ഇതിനുള്ള കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ജില്ലയില്‍ തൊഴിലില്ലാതെ കഴിയുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍ പ്രത്യക ക്യാമ്പുകള്‍ സജ്ജമാക്കാനും തീരുമാനമായി. താലൂക്ക് തലങ്ങളില്‍ പരിശോധന നടത്തി ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പുകള്‍ ഒരുക്കുക.