മലപ്പുറം: പിതാവിന്‍റെ കണ്‍മുന്നില്‍ വച്ച് തോട്ടിലേക്ക് വീണ മകന്‍ മരിച്ചു. പെരുവള്ളൂര്‍ സ്വദേശി അബ്ദുല്‍ ഹമീദിന്‍റെ മകന്‍ മുഹമ്മദ് റിഷാലാണ്(11) മരിച്ചത്. പള്ളിക്കല്‍- പെരുവള്ളൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാത്തിക്കുഴി പാലത്തിനോട് ചേര്‍ന്ന് പെരുവള്ളൂര്‍ കരയില്‍ ഇന്നലെ(സെപ്‌റ്റംബര്‍ 9) വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം.
കാല്‍ വഴുതി തോട്ടില്‍ വീണ 11കാരന് ദാരുണാന്ത്യം - പെരുവള്ളൂര്‍ വാര്‍ത്തകള്‍
പിതാവിനൊപ്പം പെരുവള്ളൂരിലെ തോടിന് സമീപം നില്‍ക്കുമ്പോഴാണ് മകന്‍ തോട്ടില്‍ വീണത്.
പിതാവിനൊപ്പം വീടിന് സമീപമുള്ള തോട്ടിന്‍റെ കരയില്‍ നില്‍ക്കുമ്പോള്‍ റിഷാല്‍ കാല്‍ വഴുതി തോട്ടിലേക്ക് വീണു. ഉടന്‍ തന്നെ പിതാവ് തോട്ടിലേക്ക് ചാടി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ശക്തമായ കുത്തൊഴുക്കിപ്പെട്ട് നിഷാലിനെ കാണാതായി. തുടര്‍ന്ന് മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ ആന്റ് റെസ്‌ക്യൂ ടീം, ടി.ഡി.ആര്‍.എഫ്, ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍, നാട്ടുകാരും തുടങ്ങിയവര്‍ രണ്ടര മണിക്കൂര്‍ നടത്തിയ തെരച്ചിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
റിഷാല്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് നിന്ന് നൂറ് മീറ്റര്‍ അപ്പുറം കരയോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തേഞ്ഞിപ്പലം പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്‌റ്റ്‌മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വലക്കണ്ടി കുടുക്കില്‍ മാട് മഹല്ല് ഖബര്‍ സ്ഥാനില്‍ സംസ്‌കരിച്ചു. വലക്കണ്ടി യതീംഖാന യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് റിഷാല്‍. മാതാവ്: ഹാജറ. സഹോദരങ്ങള്‍: മുഹമ്മദ് റിസ് വാന്‍, ഫാത്തി മറിയ, മുഹമ്മദ് റൈഹാന്‍.