മൻസൂർ കൊലപാതകം: രണ്ടാം പ്രതി തൂങ്ങി മരിച്ച നിലയില്‍ - youth league worker murder

18:43 April 09
പുല്ലൂക്കര സ്വദേശി രതീഷിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കോഴിക്കോട്: പാനൂർ പുല്ലൂക്കരയിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാംപ്രതി രതീഷ് കൂലോത്ത്(36) തൂങ്ങിമരിച്ച നിലയില്‍. കൊല്ലപ്പെട്ട മന്‍സൂറിന്‍റെ അയല്‍വാസി കൂടിയാണ് രതീഷ് കൂലോത്ത്. വളയം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെക്യാട് അരൂണ്ട കൂളിപ്പാറയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കശുമാവിന്‍ മുകളില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്തിയത്. വെള്ളിയാഴ്ച്ച വൈകുന്നേരം നാല് മണിയോടെ പറമ്പിലൂടെ വഴി പോവുകയായിരുന്ന സ്ത്രീയാണ് മരത്തില്‍ യുവാവിനെ തൂങ്ങിയ നിലയില്‍ കണ്ടത്. തുടർന്ന് വളയം സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണം നടത്തുന്നതിനിടയിലാണ് മരിച്ചത് കൊലക്കേസ് പ്രതിയാണെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.
രാത്രി എഴ് മണിയോടെ രതീഷിന്‍റെ അമ്മയുടെ സഹോദരിയുടെ മകന്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വളയം, ചെക്യാട് മേഖലകളില്‍ ഇയാള്‍ക്ക് അടുത്ത സുഹൃത്തുക്കള്‍ ഉണ്ടെന്നും കൊലപാതകത്തിന് ശേഷം മേഖലയില്‍ ഒളിവില്‍ കഴിയാനായി എത്തിയതാവാമെന്ന നിഗമനത്തിലാണ് പൊലീസ്. മൃതദ്ദേഹം മരത്തിൽ നിന്നും ഇതുവരെ നീക്കം ചെയ്‌തിട്ടില്ല. നാളെ രാവിലെ എട്ട് മണിക്ക് വളയം സിഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തും. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്‌മോർട്ടത്തിന് അയക്കും. പാറക്കടവ് വളയം റോഡിലെ വാഹനങ്ങളുടെ ബോഡി നിര്‍മ്മിക്കുന്ന വര്‍ക്ക് ഷോപ്പിലെ ജീവനക്കാരനായിരുന്നു രതീഷ്.