കോഴിക്കോട് :ആനക്കൊമ്പ് കഷണങ്ങളുമായി യുവാവ് അറസ്റ്റില്‍. ആലപ്പുഴ തൊണ്ടം കുളങ്ങര സ്വദേശി ശരത്താണ് (35) കോഴിക്കോട് വനം വകുപ്പ് ഫ്ലൈയിങ് സ്‌ക്വാഡിന്‍റെ പിടിയിലായത്. ഇന്നലെ (ജൂണ്‍ 27) വൈകിട്ട് മൂന്ന് മണിയോടെയാണ് കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍റില്‍ വച്ച് ഇയാളെ പിടികൂടിയത്.
ചെറുതായി മുറിച്ച അഞ്ച് ആനക്കൊമ്പ് കഷണങ്ങളാണ് ഇയാളില്‍ നിന്ന് കണ്ടെത്തിയത്. ഇവ പ്ലാസ്റ്റിക് കവറിലാക്കി കൈയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കി ഇയാളെ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഫ്ലൈയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസര്‍ പ്രഭാകരന്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എബിന്‍, ഡിഎഫ്‌ഒമാരായ ആസിഫ്, ശ്രീലേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
മയക്കുമരുന്ന് വില്‍പ്പന, യുവാവ് അറസ്റ്റില്‍ :കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകള്‍ നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ യുവാവ് അറസ്റ്റില്‍. അരക്കിണര്‍ സ്വദേശി മുഹമ്മദ് ഷഹദാണ് (34) അറസ്റ്റിലായത്. ഇന്നലെയാണ് (ജൂണ്‍ 27) ഇയാളെ ഡിസ്ട്രിക്‌ട് ആന്‍റി നാർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്) ടൗണ്‍ പൊലീസും സംയുക്തമായി പിടികൂടിയത്.
മയക്കുമരുന്ന് കൈവശം വച്ച് വില്‍പ്പന നടത്തുകയും ലഹരി മരുന്ന് ഇടപാടുകളില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ് ഷഹദെന്ന് അന്വേഷണ സംഘം പറഞ്ഞു. ജില്ല കേന്ദ്രീകരിച്ച് വില്‍പ്പന നടത്താന്‍ ഡല്‍ഹിയില്‍ നിന്നെത്തിച്ച മയക്കുമരുന്ന് ഇടപാടില്‍ ഇയാള്‍ ഇടനിലക്കാരാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മാത്തോട്ടം, പയ്യാനയ്ക്കൽ, അരക്കിണർ എന്നിവിടങ്ങളില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവരില്‍ പ്രധാനിയാണ് ഷഹദ്. പാളയത്ത് വച്ചാണ് ഇയാള്‍ അറസ്റ്റിലായത്.
അറസ്റ്റിലാകാന്‍ കാരണം നേരത്തെ പിടിയിലായവരുടെ മൊഴി : ഇക്കഴിഞ്ഞ ജനുവരി 19ന് മാരക മയക്ക് മരുന്നുകളായ എംഡിഎംഎയും ഹാഷിഷ് ഓയിലും വില്‍ക്കുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. അബ്‌ദുല്‍ നാസര്‍, ഷറഫുദ്ദീന്‍, ഷബീര്‍ എന്നിവരാണ് പിടിയിലായത്. 84 ഗ്രാം എംഡിഎംഎയും 18 ഗ്രാം ഹാഷിഷ് ഓയിലും ഇവരില്‍ നിന്ന് കണ്ടെത്തി.
സംഘത്തെ വിശദമായി ചോദ്യം ചെയ്‌തതോടെയാണ് കാസര്‍കോട് സ്വദേശി മുസമ്മില്‍ എന്നയാളാണ് മയക്കുമരുന്നുകള്‍ എത്തിച്ച് നല്‍കുന്നതെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ മുസമ്മില്‍ എന്നയാളെ മംഗലാപുരത്ത് വച്ച് പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാളെ ചോദ്യം ചെയ്‌തതോടെയാണ് മയക്കുമരുന്ന് ഇടപാടുകള്‍ നടത്തുന്നത് ഷഹദ് ആണെന്ന് അറിഞ്ഞത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ഷഹദ് പിടിയിലായത്. ഇയാള്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ അഞ്ച് കേസുകളുണ്ട്. പിടിയിലായ പ്രതികളിലൂടെ മയക്ക് മരുന്നിന്‍റെ ഉറവിടവും സംഘത്തിലെ പ്രധാന കണ്ണിയെയും കണ്ടെത്തുമെന്നും അതിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും സംഘം അറിയിച്ചു. ഡാൻസാഫ് സബ് ഇൻസ്‌പെക്‌ടർ മനോജ് എടയേടത്, അസി.സബ് ഇൻസ്പെക്‌ടര്‍ അബ്‌ദുറഹ്‌മാൻ , അഖിലേഷ് കെ, അനീഷ് മൂസേൻവീട്, സുനോജ് കാരയിൽ, ടൗൺ സ്റ്റേഷനിലെ എഎസ്ഐ മുഹമ്മദ് സബീർ, ഉദയ കുമാർ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.